പഞ്ചാബില്‍ ട്വിസ്റ്റ്; സോനു സൂദിന്റെ സഹോദരിയും തെരഞ്ഞെടുപ്പ് കളത്തിലേക്ക്
national news
പഞ്ചാബില്‍ ട്വിസ്റ്റ്; സോനു സൂദിന്റെ സഹോദരിയും തെരഞ്ഞെടുപ്പ് കളത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th November 2021, 3:38 pm

ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് പഞ്ചാബ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പില്‍ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് ബോളിവുഡ് താരം സോനു സൂദ പറഞ്ഞു.

എന്നാല്‍ ഏത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മാളവിക മത്സരിക്കുമെന്ന കാര്യം സോനു വെളിപ്പെടുത്തിയില്ല. മാളവിക ഇപ്പോള്‍ തയ്യാറാണെന്നും ജനങ്ങളെ സേവിക്കാനുള്ള അവരുടെ സന്നദ്ധത താരതമ്യങ്ങള്‍ക്കുമപ്പുറമാണെന്നും സോനു പറഞ്ഞു.

ചണ്ഡീഗഢില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയുള്ള മോഗ മണ്ഡലത്തിലായിരിക്കും മാളവിക മത്സരിക്കുക. അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയെയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിനേയും സോനു സന്ദര്‍ശിച്ചിരുന്നു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള സോനുവിന്റെ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളല്ല ചര്‍ച്ച ചെയ്തതെന്നായിരുന്നു കൂടികാഴ്ചക്ക് ശേഷമുള്ള സോനുവിന്റെ പ്രതികരണം. നിലവില്‍ ദല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ച പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാണ് സോനു.

ലോക്ഡൗണ്‍ കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ സോനു, തന്റെ സേവനങ്ങള്‍ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടരുത് എന്നും ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് നിരവധി അഭയാര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ ബസും, ട്രെയിനും, ഫ്ളൈറ്റും സംഘടിപ്പിച്ച സോനു അഭയാര്‍ത്ഥികളുടെ മിശിഹ എന്നാണറിയപ്പെട്ടത്.

കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോഴും രോഗബാധിതര്‍ക്കായി സോനു ഓക്സിജന്‍ സിലിണ്ടറുകളും, കിടക്കകളും, മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സംഘടിപ്പിച്ച് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sonu Sood’s sister Malvika to contest Punjab elections, to declare party’s name later