ബാംഗ്ലൂര്‍ ഡേയ്സ് റീമേക്ക് ചിത്രമായ യാരിയാനിലെ അനശ്വരയുടെ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ പുതിയ പാട്ട് പുറത്ത് വരുന്ന ഡേറ്റ് അറിയിച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍ അനശ്വര പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 18നാണ് അര്‍ജിത് സിങ് പാടിയ പാട്ട് റിലീസ് ചെയ്യുന്നത്.
‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഇത്രയും മനോഹരമായി കണ്ടിട്ടില്ല. ശിഖറിന്റെയും ഇക്രുവിന്റെയും ലവ് സ്റ്റോറി അര്‍ജിത് സിങ്ങിന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ തയാറായിക്കോളൂ,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അനശ്വര കുറിച്ചത്.
ബാംഗ്ലൂര്‍ ഡേയ്സില്‍ ദുല്‍ഖര്‍ സല്മാന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് യാരിയാന്‍ 2വില്‍ മീസാന്‍ ജാഫ്രി അവതരിപ്പിക്കുന്നത്. മീസാന്റെ പെയറാണ് ചിത്രത്തില്‍ അനശ്വര. ദുല്‍ഖറും പാര്‍വതിയും അഭിനയിച്ച ഏത് കരിരാവിലും ഹിന്ദി വേര്‍ഷനാണോ ഇതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച.
മലയാളത്തില്‍ അവതരിപ്പിച്ചതില്‍നിന്നും വ്യത്യസ്തമായിട്ടായിരിക്കും ചിത്രം അവതരിപ്പിക്കുന്നത്. പ്രിയ വാര്യരും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.
രാധിക റാവുവും വിനയ് സപ്രുവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യാരിയാന്‍ 2വില്‍ വാരിന ഹുസൈന്, യാഷ് ദാസ് ഗുപ്ത, ദിവ്യ കുമാര്‍, പേള്‍ പുരി, ഉഷ സുബ്രഹ്മണ്യം സക്സേന എന്നിവരും പ്രധാന വേഷത്തില്‍ എത്തും.
റൊമാന്റിക് കോമഡി ഡ്രാമ ഴോണറിലുള്ള ചിത്രം ടി സീരിസും ചേര്‍ന്നാണ് ആണ് നിര്‍മിക്കുന്നത്. സംഗീതം മനം ഭരദ്വാജ്, ഖലീഫ, യോയോ ഹണി സിങ് എന്നിവര്‍ നിര്‍വഹിക്കും.
2014ല്‍ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വല്‍ ആയാണ് ചിത്രം എത്തുക. എന്നാല്‍ ഈ ചിത്രവുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് നിര്‍മാതാവ് കൂടിയായ ദിവ്യ കുമാര്‍ പറഞ്ഞിരുന്നു.
അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സില്‍ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.
2016ല്‍ ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ തമിഴില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭാസ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യ, റാണ ദഗ്ഗുബാട്ടി, ബോബി സിന്‍ഹ എന്നിവരായിരുന്നു നായകവേഷങ്ങളില്‍.