അക്രമം അവസാനിപ്പിക്കണം അത് നമ്മുടെ ലക്ഷ്യത്തെ തകര്‍ക്കും; ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍
India
അക്രമം അവസാനിപ്പിക്കണം അത് നമ്മുടെ ലക്ഷ്യത്തെ തകര്‍ക്കും; ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th September 2025, 5:29 pm

ന്യൂദല്‍ഹി: സമാധാനത്തിന് ആഹ്വാനം ചെയ്ത് ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധസമരമിരിക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട് ലഡാക്കിലെ ലേയില്‍ നൂറുകണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.

അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് വാങ്ചുക്ക് ജനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അഞ്ച് വര്‍ഷത്തോളമായി തൊഴില്‍ രഹിതരായ യുവാക്കളാണെന്നും പ്രതിഷേധം ലക്ഷ്യത്തിന് ദോഷം ചെയ്യുമെന്നും സോനം വാങ്ചുക്ക് പറഞ്ഞു.

‘ലേയില്‍ വലിയ തോതില്‍ അക്രമവും തീവെപ്പും നടക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് വളരെ സങ്കടമുണ്ട്. നിരവധി ഓഫീസുകളും പൊലീസ് വാഹനങ്ങളും അഗ്നിക്കിരയായി. ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി. ഇത് യുവാക്കളുടെ രോഷമാണ്. തെരുവില്‍ കണ്ടത് ഒരു ജെന്‍ സി വിപ്ലവം തന്നെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവര്‍ തൊഴിലില്ലാതെയാണ് കഴിയുന്നത്. സര്‍ക്കാര്‍ ലഡാക്കിന് സുരക്ഷ നല്‍കുന്നില്ല,’ വാങ്ചുക്ക് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

മാത്രമല്ല സമാധാന പാതയെക്കുറിച്ചുള്ള തന്റെ സന്ദേശം ഇന്ന് പരാജയപ്പെട്ടെന്നും ദയവായി ഇത്തരത്തിലുള്ള അക്രമം അവസാനിപ്പിക്കാനും സോനം വാങ്ചുക്ക് യുവാക്കളോട് പറഞ്ഞു.

‘സമാധാന പാതയെക്കുറിച്ചുള്ള എന്റെ സന്ദേശം ഇന്ന് പരാജയപ്പെട്ടു. ദയവായി ഈ ആക്രമണം നിര്‍ത്താന്‍ ഞാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് നമ്മുടെ ലക്ഷ്യത്തിന് ദോഷം ചെയ്യും,’ സോനം വാങ്ചുക്ക് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയിലെ ആറാം ഷെഡ്യൂളില്‍ പറയുന്നത് പ്രകാരം പ്രത്യേക പതവി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മറ്റ് പ്രവര്‍ത്തകരോടൊപ്പം നിരാഹാര സമരത്തിലാണ് വാങ്ചുക്ക്. ലേയ്ക്ക് ഗോത്രപദവി നല്‍കണമെന്നാണ് പ്രധിഷേധക്കാരുടെ ആവശ്യം.

നിരാഹാര സമരത്തിലെ രണ്ട് പ്രതിഷേധക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് അക്രമം ആരംഭിച്ചതെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ രോഷം ആളിക്കത്തിച്ചെന്നും വാങ്ചുക്ക് പറഞ്ഞു.

Content Highlight: Sonam Wangchuk demands end to protests in Ladakh