'നിങ്ങള്‍ പാക്കിസ്താനികളാണോ,' പരാമര്‍ശത്തില്‍ വോട്ടര്‍മാരോട് മാപ്പ് പറഞ്ഞ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സൊനാലി ഫോഗട്ട്
Haryana
'നിങ്ങള്‍ പാക്കിസ്താനികളാണോ,' പരാമര്‍ശത്തില്‍ വോട്ടര്‍മാരോട് മാപ്പ് പറഞ്ഞ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സൊനാലി ഫോഗട്ട്
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 1:52 pm

ന്യൂദല്‍ഹി: ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാത്തവര്‍ക്ക് യാതൊരു വിലയുമില്ലെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഹരിയാന ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട്. ‘ഭാരത് മാതാ കി ജയ്” മുദ്രാവാക്യം മുഴക്കി രാജ്യത്തോട് ആദരവ് കാണിക്കണമെന്ന് യുവാക്കളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്ന് സൊനാലി ഫോഗട്ട് പറഞ്ഞു.

‘ഹിസാറിലെ പൊതു സമ്മേളനത്തില്‍ ഒരു കൂട്ടം യുവാക്കള്‍ പങ്കെടുത്തിരുന്നു. ഞാന്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴക്കിയപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം യുവാക്കള്‍ മുദ്രാവാക്യം മുഴക്കിയിരുന്നില്ല. ഞാന്‍ അവരോട് ദേഷ്യപ്പെടുകയും അവര്‍ പാക്കിസ്താനില്‍ നിന്നുള്ളവരോണോ എന്ന് ചോദിക്കുകയും ചെയ്തു. എന്റെ പ്രവൃത്തി ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അതേസമയം രാജ്യത്തോട് ആദരവ് ഉണ്ടെങ്കില്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കണം’ എന്നും ഫോഗട്ട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തോടെയാണ് സൊനാലി ബാല്‍സമന്ത് ഗ്രാമത്തിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തത്. മുദ്രാവാക്യത്തോട് ചിലര്‍ പ്രതികരിച്ചില്ല. സദസിലെ നിശടബ്ദത ശ്രദ്ധിച്ച സൊനാലി മുദ്രാവാക്യം ഏറ്റുവിളിക്കാത്തവര്‍ക്കെതിരെ രോഷാകുലയാവുകയും മുദ്രാവാക്യം വിളിക്കാന്‍ മടിയുള്ളവര്‍ക്ക് സ്വയം ലജ്ജ തോന്നട്ടെ എന്ന് ആക്രോശിക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്നും ചിലര്‍ മുദ്രാവാക്യം വിളിക്കാത്തതോടെ സൊനാലി രൂക്ഷമായ ഭാഷയില്‍ ദേഷ്യപ്പെടുകയായിരുന്നു.’ എനിക്ക് നിങ്ങളുടെ മേല്‍ ലജ്ജ തോന്നുന്നു. നിങ്ങളെപ്പോലെ ചീഞ്ഞ രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തിന് ജയ് വിളിക്കാത്ത ചില ഇന്ത്യക്കാരെയോര്‍ത്ത് എനിക്ക് നാണക്കേട് അനുഭവപ്പെടുന്നു. ഭാരത് മാതാവിന് ജയ് വിളിക്കാത്ത ആരുടെ വോട്ടിന് പുല്ലുവിലപോലും ഇല്ല’, എന്നും സൊനാലി പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്ണോയിയെയാണ് സൊനാലി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. ഒക്ടോബര്‍ 21നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനാണ് കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്ണോയി.