തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷണില്‍ സംശയമുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് സംശയിക്കുന്നതിനാലാണ് ഐക്യവുമായി മുന്നോട്ട് പോവുന്നില്ലെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ നീക്കത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ സംശയം തോന്നാതിരിക്കുന്നതെങ്ങനെയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
‘ഐക്യത്തെ പറ്റി സംസാരിക്കാന്‍ എസ്.എന്‍.ഡി.പി നേതാവിന്റെ മകനെ വിടുമെന്നാണ് പറഞ്ഞത്. അദ്ദേഹം എന്‍.ഡി.എ മുന്നണിയുടെ കേരളത്തിലെ ചുമതലക്കാരനാണ്. ഞങ്ങള്‍ക്ക് ഇതില്‍ രാഷ്ട്രീയമില്ല. അതിനാല്‍ വിടേണ്ടത് രാഷ്ട്രീയ ചുമതല വഹിക്കുന്നയാളെയല്ലല്ലോ. അപ്പോള്‍ അതില്‍ അടിയൊഴുക്ക് തോന്നി,’ എസ്.എന്‍.ഡി.പി- എന്‍.എസ്.എസ് ഐക്യവുമായി മുന്നോട്ട് പോവുന്നില്ലെന്ന് പെട്ടെന്ന് തീരുമാനിക്കാനുണ്ടായ കാരണത്തെകുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞു.
ഐക്യത്തെ ആദ്യം സ്വാഗതം ചെയ്യ്തിരുന്നുവെന്നും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് ബി.ജെ.പിയുമായി ചേര്‍ന്ന് നടത്തുന്ന നീക്കമാണെന്ന് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്‍.എസ്.എസിന് സമദൂരമാണ്. അത് തെറ്റിച്ച് ഒരു പോക്കില്ല. അതിനാല്‍ ഞാന്‍ തന്നെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ ഈ കാര്യം അറിയിക്കുകയും അവര്‍ അംഗീകരിക്കുകയും ചെയ്തു,’ സുകുമാരന്‍ നായര്‍ പറഞ്ഞു.
വെളളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചതില്‍ ആക്ഷേപമില്ലെന്നും തെറ്റിപ്പോയി എന്ന് പറയുന്നില്ലെന്നും എന്നാല്‍ ഐക്യ ചര്‍ച്ചകള്‍ക്കിടെ അദ്ദേഹത്തിന് പദ്മഭൂഷണ്‍ കിട്ടിയപ്പോള്‍ തീരുമാനം അത്രയ്ക്ക് ശുദ്ധമല്ലെന്ന് തോന്നിയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
‘സംശയം തോന്നാതിരിക്കുന്നത് എങ്ങനെയാണ്, എന്‍.ഡി.എ പ്രമുഖന്‍ ചര്‍ച്ചയ്ക്കും കൂടി വരുമ്പോള്‍ എന്തോ തരികിട തോന്നി ഞങ്ങള്‍ തീരുമാനം മാറ്റി,’ അദ്ദേഹം പറഞ്ഞു.
മേലാല്‍ പുനര്‍വിചിന്തനമില്ലെന്നും എസ്.എന്‍.ഡി.പി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹൃദമുണ്ടാകുമെന്നും ഐക്യ നീക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വര്‍ണ്ണപ്പാളി കേസില്‍ കോടതി ഇടപെട്ടതുകൊണ്ട് നീതിപൂര്‍വ്വമായി അന്വേഷണം നടക്കുമെന്ന് തോന്നുന്നുവെന്നും തന്ത്രി ആയാലും ആരായാലും കോടതി തീരുമാനത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ അറസ്റ്റ് ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിയായാലും മന്ത്രിയായാലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടേയെന്ന് കടകം പള്ളിയേയും പി.എസ് പ്രശാന്തിനെയും ചോദ്യം ചെയ്തതിനെകുറിച്ചുളള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
Content Highlight: Something seems off about the Padma Bhushan; Vellapalli’s political goal: G Sukumaran Nair
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.