ചിലർ ഈ യുദ്ധം തുടരണമെന്ന് ആഗ്രഹിക്കുന്നു; ഇറാനെതിരായുള്ള ആക്രമണത്തിൽ കടുത്ത വിമർശനവുമായി ഖത്തർ രാജകുടുംബാംഗം
World
ചിലർ ഈ യുദ്ധം തുടരണമെന്ന് ആഗ്രഹിക്കുന്നു; ഇറാനെതിരായുള്ള ആക്രമണത്തിൽ കടുത്ത വിമർശനവുമായി ഖത്തർ രാജകുടുംബാംഗം
മുഹമ്മദ് നബീല്‍
Sunday, 29th March 2026, 5:27 pm

ദോഹ: ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ സംയുക്ത ആക്രമണത്തിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സംഘർഷം പശ്ചിമേഷ്യയിലേക്ക് ആകെ പടരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ രാജകുടുംബത്തിലെ മുതിർന്ന അംഗം ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി (എച്ച്.ബി.ജെ)

2007 മുതൽ 2013 വരെ ഖത്തറിന്റെ പ്രധാനമന്ത്രിയായും 1992 മുതൽ 2013 വരെ വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം.

‘ഗൾഫിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എല്ലാ അർത്ഥത്തിലും ഒരു യുദ്ധമായി മാറിയിരിക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.

വരുന്ന ദിവസങ്ങളിൽ ഒരു പരിഹാരം കണ്ടില്ലെങ്കിൽ സാഹചര്യങ്ങൾ തുടക്കത്തിൽ പ്രതീക്ഷിച്ചതിനേക്കാളും വലിയൊരു പോരാട്ടത്തിലേക്ക് നീങ്ങിയേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ചില കക്ഷികൾ ഈ യുദ്ധം തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ അവരെ നേരിട്ട് ബാധിക്കില്ലെന്ന് അവർക്ക് നന്നായി അറിയാം, അദ്ദേഹം പറഞ്ഞു.

സാഹചര്യങ്ങൾ എന്തുതന്നെയായാലും ഇസ്രഈലിന്റെ തുറമുഖങ്ങൾ മെഡിറ്ററേനിയൻ കടലിലേക്കും ചെങ്കടലിലേക്കും ഇപ്പോഴും തുറന്നുകിടക്കുന്നതിനെ കുറിച്ചാണ് താൻ സൂചിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഗൾഫ് രാജ്യങ്ങൾ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇത് ലോകത്താകമാനം വ്യാപിക്കുമെന്നും എച്.ബി.ജെ മുന്നറിയിപ്പ് നൽകി.

ഈ മാസം ആദ്യം ഖത്തറിലെ റാസ് നാച്ചുറൽ ഗ്യാസ് പ്ലാന്റിന് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇത് ആഗോള വിപണിയിൽ വാതക വില കുതിച്ചുയരാൻ കാരണമായിരുന്നു.

ഖത്തറിലെ പ്രകൃതി വാതക കയറ്റുമതിയുടെ 17 ശതമാനവും ഇറാന്റെ പ്രത്യാക്രമണത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു.

Content Highlight: Some want this war to continue; Qatari royal family member strongly criticizes attack on Iran

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം