ലോകഃ ഹിറ്റായപ്പോള്‍ മാവീരന്‍, വീരന്‍ പോലുള്ള സിനിമകള്‍ പൊക്കിക്കൊണ്ടുവന്ന് ഇതെല്ലാം തമിഴ് സിനിമ നേരത്തെ ചെയ്തിട്ടുണ്ട് എന്ന് ചില തമിഴ് സിനിമാപേജുകള്‍ അവകാശപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ധുരന്ധറിനെയും ചില തമിഴ്‌പേജുകള്‍ ഉന്നം വെച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ചാരനായി പോകുന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. രണ്‍വീര്‍ സിങ്ങാണ് ചാരനായി വേഷമിടുന്നത്. വളരെ റോ ആയിട്ടുള്ള കഥപറച്ചിലാണ് ധുരന്ധറിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ധുരന്ധറിനും മുമ്പ് ഇതിനെക്കാള്‍ മികച്ച സിനിമ തമിഴില്‍ നിന്ന് വന്നിട്ടുണ്ടെന്ന് ചില തമിഴ് പേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
കമല്‍ ഹാസന്‍ സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ വിശ്വരൂപം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌പൈ ത്രില്ലറാണെന്ന് ചില പേജുകള്‍ അവകാശപ്പെടുന്നുണ്ട്. ലഷ്‌കര്‍ ഇ ത്വെയ്ബയില്‍ ചാരനായി നുഴഞ്ഞുകയറുന്ന വിസാം അഹമ്മദ് കശ്മീരി എന്ന കഥാപാത്രമായാണ് കമല്‍ ഹാസന്‍ വേഷമിട്ടത്. ടെക്‌നിക്കല്‍ പരമായും കഥാപരമായും വിശ്വരൂപം മുന്നിട്ടുനില്‍ക്കുന്നുണ്ടെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.
ലോകഃയുടെയും കാന്താരയുടെയും കാര്യത്തില്‍ വിമര്‍ശനം നേരിട്ട പേജുകള്‍ക്ക് ഇത്തവണ വലിയ രീതിയില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടില്ല. വിശ്വരൂപവും മികച്ച സിനിമ തന്നെയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇതേ കമല്‍ ഹാസന്‍ വിശ്വരൂപത്തിന് രണ്ടാം ഭാഗം തയാറാക്കി ആദ്യഭാഗത്തിന്റെ വിലകളഞ്ഞെന്നും കമന്റുകളുണ്ട്.
മറ്റ് ഭാഷകളില്‍ ഏത് സിനിമ ഹിറ്റായാലും അതെല്ലാം ആദ്യം തമിഴ് സിനിമ പരീക്ഷിച്ചിട്ടുള്ളതാണെന്ന ചില സിനിമാപേജുകളുടെ വാദം ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ലോകഃക്ക് മാത്രമല്ല, കാന്താര ചാപ്റ്റര്‍ വണ്‍ ഹിറ്റായപ്പോള്‍ കങ്കുവ, ആയിരത്തില്‍ ഒരുവന്‍ എന്നീ സിനിമകള്‍ ഇതേ തീമിലാണെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എല്ലാ ഴോണറുകളും ആദ്യം പരീക്ഷിച്ചത് ‘പച്ച തമിഴര്‍’ തന്നെയാണെന്ന് പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും ഇതിന് പിന്നാലെ വൈറലായിരുന്നു. ആയിരത്തില്‍ ഒരുവന്‍, മാവീരന്‍ പോലുള്ള സിനിമകളെ പരാജയപ്പെടുത്തിയത് ഇതേ തമിഴ് പ്രേക്ഷകരാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഇനി തമിഴ് പേജുകള്‍ ഏത് സിനിമ കുത്തിപ്പൊക്കുമെന്നാണ് പുതിയ ചര്‍ച്ച.