ദളപതി കച്ചേരി സായ് അഭ്യങ്കര്‍ ചെയ്തിരുന്നെങ്കില്‍ തകര്‍ത്തേനെ, ലിറിക് വീഡിയോക്ക് പിന്നാലെ വൈറലായി പോസ്റ്റുകള്‍
Indian Cinema
ദളപതി കച്ചേരി സായ് അഭ്യങ്കര്‍ ചെയ്തിരുന്നെങ്കില്‍ തകര്‍ത്തേനെ, ലിറിക് വീഡിയോക്ക് പിന്നാലെ വൈറലായി പോസ്റ്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th November 2025, 12:10 pm

വിജയ്‌യുടെ അവസാന സിനിമ എന്ന നിലയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ചിത്രമാണ് ജന നായകന്‍. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ പുറത്തിറങ്ങുന്നത്. കഴിഞ്ഞദിവസം ജന നായകനിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘ദളപതി കച്ചേരി’ എന്ന് പേരിട്ടിരിക്കുന്ന ഗാനം പലരുടെയും പ്ലേലിസ്റ്റില്‍ ഇടംപിടിച്ചു.

അനിരുദ്ധും വിജയ്‌യും അഞ്ചാം വട്ടം ഒന്നിച്ച ചിത്രമാണ് ജന നായകന്‍. കത്തി മുതല്‍ ലിയോ വരെ ഈ കോമ്പോ കൈകോര്‍ത്ത സിനിമകളിലെ പാട്ടുകള്‍ നിരാശ സമ്മാനിച്ചിട്ടില്ല. എന്നാല്‍ ജന നായകനിലെ ഗാനത്തിനെതിരെ ചിലര്‍ വിമര്‍ശനമുന്നയിക്കുകയാണ്. കേട്ടുശീലിച്ച അതേ ശൈലിയില്‍ തന്നെയാണ് അനിരുദ്ധ് ദളപതി കച്ചേരി ഒരുക്കിയതെന്ന് ഒരുകൂട്ടമാളുകള്‍ അഭിപ്രായപ്പെട്ടു.

അനിരുദ്ധിന് പകരം തമിഴിലെ പുത്തന്‍ സെന്‍സേഷനായ സായ് അഭ്യങ്കര്‍ ജന നായകനില്‍ സംഗീതം ഒരുക്കിയിരുന്നെങ്കില്‍ എന്നാണ് ചില പോസ്റ്റുകള്‍. ജന നായകനിലെ ലിറിക് വീഡിയോയില്‍ സായ് ഈണമിട്ട ‘ഗോഡ് മോഡ്’ എന്ന ഗാനത്തിന്റെ ഓഡിയോ മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോകളും വൈറലായിരിക്കുകയാണ്.

സിനിമാജീവിതം ഉപേക്ഷിച്ച് പൂര്‍ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് വിജയ് അറിയിച്ചതിനാല്‍ സായ് അഭ്യങ്കര്‍- വിജയ് കോമ്പോ ഒരിക്കലും കാണാന്‍ സാധിക്കില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ സായ് ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ എട്ടോളം സിനിമകളാണ് കമ്മിറ്റ് ചെയ്തിരിക്കുന്നത്.

തമിഴ് സിനിമ ഭാവിയില്‍ മിസ് ചെയ്യാന്‍ സാധ്യതയുള്ള കോമ്പോയാണിതെന്നും ചില പോസ്റ്റുകളുണ്ട്. അനിരുദ്ധിന്റെ അതേ പാതയിലൂടെ സഞ്ചരിക്കുന്ന സായ് ഇനിയും ഇന്‍ഡസ്ട്രിയില്‍ ഒരുപാട് കാലം തിളങ്ങുമെന്ന് ഓരോ സിനിമയിലൂടെയും തെളിയിക്കുന്നു. മലയാള ചിത്രം ബള്‍ട്ടി, തമിഴില്‍ കറുപ്പ്, ബെന്‍സ്, മാര്‍ഷല്‍ എന്നിവയും തെലുങ്കില്‍ അല്ലു- അറ്റ്‌ലീ പ്രൊജക്ടും സായ്‌യുടെ ലൈനപ്പിലുണ്ട്.

ജന നായകനില്‍ സായ് ഒരു ഗാനം ആലപിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് അവസാനമായി സംഗീതം ചെയ്ത മദിരാശിയില്‍ സായ് ഒരു ഗാനമാലപിച്ചിരുന്നു. അതേ രീതിയില്‍ ജന നായകനിലും ഒരു ഗാനമുണ്ടെന്നും എന്നാല്‍ അത് വിജയ്‌യുടെ സീനില്‍ ആയേക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും.

Content Highlight: Some post became viral about Sai Abhyankar and Vijay combo in Jana Nayagan