കോഴിക്കോട്: ഗസയിലെ കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിച്ച സാഹിത്യകാരി എം. ലീലാവതിക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. കേരളത്തിൽ അദൃശ്യ ഇസ്രഈൽ രൂപവത്കരിക്കാൻ കഴിഞ്ഞതിന്റെ സൂചനയാണിതെന്നും ഇസ്രഈൽ എംബസിയിലേക്ക് മാർച്ച് നടത്തുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് സംഘടനകൾ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈൽ ഭീകരതയ്ക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ഇ.എൻ. കുഞ്ഞഹമ്മദ്.
ലോകമാകെ പ്രതിരോധത്തിന്റെ പ്രതീകമായി ഗസ മാറണമെന്നും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സെമിനാറുകളിൽ ഒതുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലായിടത്തും ഗസ കോർണറുകൾ ഉണ്ടാക്കണം. ഗസയുടെ പേരിൽ വായനശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഉണ്ടാക്കണം. ഇത്തരം നീക്കങ്ങൾ സയണിസ്റ്റുകൾ അറിയണം. അവർ അറിയണമെങ്കിൽ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രതിരോധങ്ങൾ ഹീബ്രു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തണമെന്നും കെ.ഇ.എൻ പറഞ്ഞു.
സയണിസത്തിനും സാമ്രാജ്യത്വത്തിനും എതിരായ പ്രതിഷേധങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ലോകത്തിലെ ഇടപെടലുകൾ ഏകീകരിക്കപ്പെടുന്നില്ലെന്നതാണ് ഇന്നത്തെ പരിമിതി.
ഒരു ജനത ഒന്നാകെ തുടച്ചുനീക്കപ്പെടുമ്പോൾ ഇസ്രഈൽ എംബസികളിലേക്ക് മാർച്ച് പോലും സാധ്യമാകാത്തത് എന്തുകൊണ്ടാണ്? സംഘടിത തൊഴിലാളി, കർഷക പ്രസ്ഥാനങ്ങൾ അത്തരത്തിൽ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുകയാണെങ്കിൽ അതിന് തീർച്ചയായും ഫലമുണ്ടാകും. സാമ്രാജ്യത്വത്തിന്റെ ശക്തിയെന്നാൽ മൂലധനത്തിന്റെ ശക്തിയാണ്. അതിൽ ചെറിയ കുറവ് വരുമ്പോൾ തന്നെ അവർ പരിഭ്രാന്തരാകുമെന്നും കെ.ഇ.എൻ പറഞ്ഞു.
എം.കെ രമേശ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.ടി. കുഞ്ഞിക്കണ്ണൻ, ഡോ. മിനി പ്രസാദ്, ഡോ.പി.പി. അബ്ദുൾ റസാഖ്, ഡോ. യു. ഹേമന്ത് കുമാർ എന്നിവർ സംസാരിച്ചു.
അതേസമയം, ഗസയിലെ കുഞ്ഞുങ്ങൾക്ക് വനിത കലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യവും ശ്രദ്ധാഞ്ജലിയും അർപ്പിച്ചു. എസ്.കെ. പൊറ്റക്കാട് പ്രതിമയ്ക്ക് സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. അജിത നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങ് യുവകലാസാഹിതി ജില്ല പ്രസിഡന്റ് ഡോ.ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു.
Content Highlight: Some people in Kerala have formed an invisible Israel says KEN