വിരമിച്ച ചില ജഡ്ജിമാര്‍ ഇന്ത്യാ വിരുദ്ധ ഗാങ്ങിന്റെ ഭാഗം, അവര്‍ അനുഭവിക്കേണ്ടി വരും; ഭീഷണിയുമായി കേന്ദ്രമന്ത്രി
national news
വിരമിച്ച ചില ജഡ്ജിമാര്‍ ഇന്ത്യാ വിരുദ്ധ ഗാങ്ങിന്റെ ഭാഗം, അവര്‍ അനുഭവിക്കേണ്ടി വരും; ഭീഷണിയുമായി കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th March 2023, 12:24 am

ന്യൂദല്‍ഹി: വിരമിച്ച ചില ജഡ്ജിമാര്‍ ആക്ടിവിസ്റ്റുകളാണെന്നും അവര്‍ ഇന്ത്യാ വിരുദ്ധ ഗാങ്ങിന്റെ ഭാഗമാണെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. അത്തരത്തിലുള്ള ന്യായാധിപര്‍ ജുഡീഷ്യറിയെ ഇന്ത്യന്‍ ഗവണ്‍മെന്റെിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2023ലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

“അടുത്തിടെ ജഡ്ജിമാരുടെ വിശ്വാസ്യത എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സെമിനാറുണ്ടായിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് എങ്ങനെ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച മുഴുവന്‍. ചില ജഡ്ജിമാരുണ്ട്, അവര്‍ ആക്ടിവിസ്റ്റുകളാണ്. ഇന്ത്യാ വിരുദ്ധ ഗാങ്ങിന്റെ ഭാഗവുമാണ്. അവര്‍ പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ജുഡീഷ്യറിയെ ഗവണ്‍മെന്റിനെതിരെ തിരിക്കാനാണ് ശ്രമിക്കുന്നത്. ന്യായാധിപരൊന്നും തന്നെ രാഷ്ട്രീയകക്ഷികളുടെ ഭാഗമല്ല, പിന്നെയെന്തു കൊണ്ടാണിവര്‍ എക്‌സിക്യൂട്ടീവിനെതിരെ പറയുന്നത്,” റിജ്ജു പറഞ്ഞു. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തെയും മന്ത്രി എതിര്‍ത്ത് സംസാരിച്ചിരുന്നു. ജഡ്ജ് നിയമനങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ സമാന്തര ഇടപെടലുകളാണ് കൊളീജിയം സംവിധാനത്തിന് വഴിവെച്ചതെന്ന് റിജ്ജു ആരോപിച്ചു.

“ഭരണഘടന പ്രകാരം ജഡ്ജിമാരുടെ നിയമനം ഗവണ്‍മെന്റുമായി ബന്ധപ്പെട്ടതാണ്. സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിര്‍ദേശ പ്രകാരം രാഷ്ട്രപതിയാണ് ഇരു കോടതികളിലേക്കുമുള്ള ന്യായാധിപരെ നിയമിക്കുന്നത്. മുന്‍കാലങ്ങളില്‍ ജഡ്ജ് നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ ഇടപെടലുകളാണ് കൊളീജിയം സംവിധാനത്തിന് കാരണമായത്” റിജ്ജു പറഞ്ഞു.

ജഡ്ജ് നിയമനത്തിനായി ഒരു പുതിയ സംവിധാനം നിലവില്‍ വരുന്നതു വരെ കേന്ദ്ര സര്‍ക്കാര്‍ കൊളീജിയം വ്യവസ്ഥ പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ജഡ്ജ് നിയമനത്തിനായി കൊളീജിയം നിര്‍ദേശിക്കുന്ന പേരുകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കുന്നില്ല എന്ന ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. വ്യക്തികളെ മുന്‍നിര്‍ത്തി സംസാരിക്കണമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രസ്തുത നാമനിര്‍ദേശങ്ങള്‍ കേന്ദ്രം ഒഴിവാക്കുന്നതിന്റെ കാരണങ്ങള്‍ കൊളീജിയത്തിനറിയാമെന്നും മന്ത്രി പ്രതികരിച്ചു. എന്തു കൊണ്ടാണ് കൊളീജിയം ചില പേരുകള്‍ തുടര്‍ച്ചയായി നിര്‍ദേശിക്കുന്നതെന്ന് തങ്ങള്‍ക്കും അറിയാമെന്നും മന്ത്രി പറഞ്ഞു.

Content Hilights; Some of the retired judges are part of the anti-India gang