[]കോയമ്പത്തൂര്‍: സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷണന്‍ പിടിയിലായി. കോയമ്പത്തൂരില്‍ വെച്ചാണ് ബിജു രാധാകൃഷ്ണന്‍ അറസ്റ്റിലാകുന്നത്.
കേരള പോലീസിന്റേയും തമിഴ് പോലീസിന്റേയും സംയുക്ത ഓപ്പറേഷനിലൂടെയാണ് ബിജു രാധാകൃഷ്ണനെ പിടികൂടുന്നത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ബിജുവിനെ പിടികൂടാനായി കേരള പോലീസിനെ സഹായിച്ചത്. []
കോയമ്പത്തൂരില്‍ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ആദ്യ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
സോളാര്‍ തട്ടിപ്പുകേസിലെ കൂട്ടുപ്രതിയും ഭാര്യയുമായ സരിതയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇയാള്‍ തൃശൂരില്‍ നിന്നു തമിഴ്‌നാട്ടിലേക്കു രക്ഷപ്പെടുകയായിരുന്നു എന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇയാള്‍ കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചത്.
കഴിഞ്ഞദിവസം ചാനലുകളുമായി ബിജു സംസാരിച്ച ലാന്‍ഡ് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നായിരുന്നു അന്വേഷണം. ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയ ബിജുവിനെ പിടികൂടാന്‍ എന്തുകൊണ്ട് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചിരുന്നു.
ബിജു രാധാകൃഷ്ണന്‍ രാജ്യവ്യാപകമായി നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ പത്തുകോടിയില്‍പ്പരം രൂപയുടേതാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമികനിഗമനം. ബിജുവിന്റെ ചില ഉന്നതബന്ധങ്ങളെക്കുറിച്ചുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞദിവസം സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ, കൊല്ലം കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് െ്രെകംബ്രാഞ്ച് സംഘം തമിഴ്‌നാട്ടിലെത്തിയത്. ഡിവൈ.എസ്.പിമാരായ സുദര്‍ശനന്‍, ജെയ്‌സണ്‍ എബ്രഹാം, പ്രസന്നന്‍ നായര്‍, ഹരികൃഷ്ണന്‍, അജിത്, റെജി ജേക്കബ് എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍ .
ഇവരാണ് തന്റെ ലാപ്‌ടോപ്പ് വില്‍ക്കുന്നതിനിടെ നാടകീയമായി ബിജു രാധാകൃഷ്ണനെ അറസ്റ്റുചെയ്തത്.
സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും ബിജു രാധാകൃഷ്ണന്റെ ഭാര്യയുമായ സരിത എസ്.നായരെ ജൂലൈ ഒന്നു വരെ റിമാന്‍ഡ് ചെയ്തിരുന്നു.
റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ സരിതയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി. ഉടന്‍ തന്നെ കോടതി കേസ് വിളിക്കുകയും റിമാന്‍ഡ് നീട്ടുന്നതായി അറിയിക്കുകയും ചെയ്തു.
അതേസമയം, അമ്പലപ്പുഴ പൊലീസ് ചോദ്യം ചെയ്യാനായി സരിതയെ കസ്റ്റഡില്‍ വിട്ടുകിട്ടുന്നതിനായി അമ്പലപ്പുഴ കോടതിയില്‍ അപേക്ഷ നല്‍കും. ജാമ്യം ആവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ ഇന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്.
കാക്കനാട് ജയിലില്‍ നിന്നും പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ സരിതയെ കാണാന്‍ നിരവധി ജനങ്ങളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത്. കോടതി നടപടികള്‍ക്ക് ശേഷം സരിതയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി.
അന്വേഷണത്തിലെ ആദ്യഘട്ടത്തില്‍ സരിതയുടെ മൊഴിയെടുത്തിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സരിതയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. സരിതയ്ക്കും ബിജുവിനുമെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പുതിയ കേസുമായി ബന്ധപ്പെട്ടും ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.
