തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ ഗവിയിലുള്ള മീനാര്‍ അങ്കണവാടി ജീവനക്കാരിയായ മേനക (30) ജോലിസ്ഥലത്തേക്ക് വനപാതയിലൂടെ നടന്നുപോകുന്നതിനിടെ കൊല്ലപ്പെട്ടതില്‍ അങ്കണവാടി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിമന്‍സ് എംപവറിങ് ഫോറം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മേനകയുടെ ദാരുണമായ കൊലപാതകത്തില്‍ സംഘടന കടുത്ത ദുഃഖം രേഖപ്പെടുത്തി. കേസില്‍ പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്ത് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്ന കേരള പോലീസിന്റെ നടപടിയെ വിമന്‍സ് എംപവറിങ് ഫോറം അഭിനന്ദിച്ചു.
കൂടാതെ, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മേനകയുടെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം അനുവദിച്ചതിനെയും സംഘടന സ്വാഗതം ചെയ്തു.
മേനകയുടെ മകള്‍ സഞ്ജനയുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച കോന്നി എം.എല്‍.എ ശ്രീ കെ. യു. ജനീഷ് കുമാറിനെ അഭിനന്ദിച്ച സംഘടന, കുടുംബത്തിന് ദീര്‍ഘകാല സഹായങ്ങളും നഷ്ടപരിഹാരവും ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
മേനകയുടെ ദാരുണ മരണം ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. വനമേഖലകളിലും വിദൂര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന അങ്കണവാടി പ്രവര്‍ത്തകര്‍ നേരിടുന്ന ഗുരുതരമായ അപകടസാധ്യതകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.
ഗവി, അട്ടപ്പാടി, വാളയാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജീവനക്കാര്‍ യാത്രാസൗകര്യങ്ങളൊന്നുമില്ലാതെ കിലോമീറ്ററുകളോളമാണ് നടക്കുന്നത്. വന്യമൃഗങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവും മറ്റ് അപകടങ്ങളും ഇവര്‍ക്ക് നിരന്തരം നേരിടേണ്ടി വരുന്നു.
ഒറ്റക്ക് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ഇവര്‍ക്ക് യാതൊരുവിധ സുരക്ഷയും ലഭിക്കുന്നില്ല. ജോലിക്കിടെ അപകടം സംഭവിച്ച് ആശുപത്രിയിലായാല്‍ ശമ്പളത്തോടുകൂടിയ ചികിത്സാ അവധിയോ ചികിത്സാ ചെലവോ ലഭിക്കാറില്ല. പലപ്പോഴും ശൂന്യ വേതന അവധി (ലോസ് ഓഫ് പേ) എടുക്കേണ്ടി വരികയും, ദീര്‍ഘകാല ചികിത്സ കാരണം ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
ജോലിക്കിടെയോ, ജോലിക്ക് പോകുന്നതിനിടയിലോ മടങ്ങിവരുന്നതിനിടയിലോ സംഭവിക്കുന്ന അപകടങ്ങളും മരണങ്ങളും ‘ഡ്യൂട്ടി സംബന്ധമായ സംഭവങ്ങളായി’ അംഗീകരിച്ച് നഷ്ടപരിഹാരവും ക്ഷേമ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന നയം രൂപീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ബഹു. മുഖ്യമന്ത്രി, വനിതാ-ശിശു വികസന മന്ത്രി, വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍, കേരള അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം എന്നിവര്‍ക്ക് സംഘടന വിശദമായ നിവേദനങ്ങള്‍ സമര്‍പ്പിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും വിമന്‍സ് എംപവറിങ് ഫോറം അറിയിച്ചു.
Content Highlight: Social security and job protection should be ensured for Anganwadi workers: Women’s Empowering Forum