വിദ്വേഷ പ്രചാരണാരോപണങ്ങളുമായി ‘കേരള സ്റ്റോറി 2’ന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.
ട്രെയിലറിൽ കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പെൺകുട്ടികളുടെ കഥകളും പറയുന്നുണ്ടെന്നാണ് സൂചന.
’25 വർഷം കഴിഞ്ഞാൽ കേരളം ഇസ്ലാമിക രാജ്യമാകും’ എന്ന തരത്തിലുള്ള സംഭാഷണവും, ഒരു യുവതിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന രംഗവും ട്രെയിലറിൽ ഉൾപ്പെട്ടിട്ടുണ്ട്.
‘മലയാളികളെ ആരും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കേണ്ടതില്ല എങ്ങനെ കഴിക്കണമെന്ന് മലയാളികൾക്കറിയാം’ എന്നാണ് പലരും തമാശയോടെ കുറിക്കുന്നത്.
പൊറോട്ട ഇല്ലാതെ ബീഫ് എങ്ങനെ കഴിക്കും?, ബീഫിന് ബെസ്റ്റ് പഴംപൊരി തന്നെ, തേങ്ങാക്കൊത്തിട്ട ബീഫ് ഒരു രക്ഷയുമില്ല തുടങ്ങിയ രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ദി കേരള സ്റ്റോറി 2, Photo: YouTube/ Screengrab
‘ദി റിയൽ കേരള സ്റ്റോറി’ അറിയണമെങ്കിൽ കേരളത്തിലേക്ക് വരണമെന്നും മലയാള സിനിമകൾ കാണണമെന്നും പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. ഗോദ എന്ന ചിത്രത്തിൽ ടോവിനോ തോമസ് പറയുന്ന ‘മലയാളികൾക്ക് ബീഫ് വെറും ഭക്ഷണമല്ല, അത് ഒരു വികാരമാണ്’ എന്ന ഡയലോഗ് വീണ്ടും ഓർമിപ്പിക്കുകയാണ് പ്രേക്ഷകർ.
അതുപോലെ പ്രേമം എന്ന ചിത്രത്തിൽ നിവിൻ പോളി പറയുന്ന ‘ചേട്ടാ ഒരു പ്ലേറ്റ് ബീഫ് റോസ്റ്റും നാല് കഷണം പുട്ടും’ എന്ന രംഗവും ആരാധകർ പങ്കുവെക്കുന്നു. ഹൃദയം ചിത്രത്തിൽ കല്യാണി പ്രിയദർശൻ ബീഫും പൊറോട്ടയും ആസ്വദിച്ച് കഴിക്കുന്ന രംഗവും വീണ്ടും സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നു.
ട്രെയിലറിലെ ബീഫ് രംഗം എഡിറ്റ് ചെയ്ത്, ‘പൊറോട്ട ഇല്ലാതെ എങ്ങനെ കഴിക്കും?’ എന്ന രീതിയിൽ മീമുകൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധേയമാണ്. സിനിമ തിയേറ്ററിൽ എത്തുമ്പോൾ തിയേറ്ററിന് മുന്നിൽ പോയി ബീഫ് കഴിക്കണം എന്ന തരത്തിലുള്ള പോസ്റ്റുകളും കാണാം.
ദി കേരള സ്റ്റോറി 2, Photo: YouTube/ Screengrab
മുമ്പ് പുറത്തിറങ്ങിയ ടീസറും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ‘നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, കെണികളിലാണ് വീഴുന്നത്.
ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും’ എന്ന ക്യാപ്ഷനോടെയാണ് ടീസർ പുറത്തുവിട്ടത്. അതിനോടൊപ്പം വിമർശനങ്ങളും ട്രോളുകളും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
കാമാഖ്യ നാരായണ സിങ് ആണ് ‘കേരള സ്റ്റോറി 2’ സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷാ സഹനിർമാതാവാണ്. ആദ്യ ഭാഗമായ ദി കേരള സ്റ്റോറി സംവിധാനം ചെയ്തത് സുദീപ്തോ സെൻ ആയിരുന്നു.
ട്രെയിലർ പുറത്തിറങ്ങിയ നിമിഷങ്ങൾക്കകം തന്നെ വിവാദങ്ങളിലേക്കു നീങ്ങിയ ‘കേരള സ്റ്റോറി 2’ ഇനി തിയേറ്ററിൽ എത്തുമ്പോൾ എന്തെല്ലാം ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുമെന്ന് കണ്ടറിയാം എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത്.
Content Highlight: Social media trolls the trailer of Kerala Story 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.