ആര്‍.സി.ബിക്കാരേ... ആ കാണുന്ന കണ്ടം വഴി ഓടിക്കോ
IPL
ആര്‍.സി.ബിക്കാരേ... ആ കാണുന്ന കണ്ടം വഴി ഓടിക്കോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th May 2022, 4:53 pm

ഐ.പി.എല്ലിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഇത്തവണയും കപ്പ് മോഹിച്ചെത്തിയ ആര്‍.സി.ബിക്ക് നിരാശരായി തന്നെ കളം വിടേണ്ടി വന്നു.

ഇത്രത്തോളം ഭാഗ്യം കെട്ടൊരു ടീം ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടാവില്ല. തുടര്‍ച്ചയായ മൂന്ന് തവണ ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ചിട്ടും മുമ്പ് പലതവണ ഫൈനല്‍ കളിച്ചിട്ടും ഐ.പി.എല്ലിന്റെ കിരീടം എന്നത് ഇപ്പോഴും റോയല്‍ ചാലഞ്ചേഴ്‌സിനെ സംബന്ധിച്ച് കിട്ടാക്കനിയായിരിക്കുകയാണ്.

സ്വന്തം ടീം കപ്പെടുക്കുന്നത് കാണാന്‍ ഇത്രയും കൊതിക്കുന്ന ഒരു ആരാധകര്‍ വേറെ ഉണ്ടാവില്ല. ഒരുപക്ഷേ, കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെക്കാളും സങ്കടപ്പെടുന്നതും നാണംകെട്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്നതും ആര്‍.സി.ബി ഫാന്‍സിന് തന്നെയായിരിക്കും.

ഈ സാലാ കപ്പ് നംദേ എന്ന് എല്ലാ കൊല്ലവും മുറ തെറ്റാതെ പറയുന്നുണ്ടെങ്കിലും ആ പറച്ചില്‍ മാത്രമാണ് എല്ലായ്‌പ്പോഴും ടീമിനും ഫാന്‍സിനും ബാക്കിയാകുന്നത്.

എന്നാലിപ്പോല്‍, സ്വന്തം ടീമിന്റെ മേലുള്ള അമിത ആത്മവിശ്വാസം കാരണം പാവം ഫാന്‍സ് വീണ്ടും എയറിലായിരിക്കുകയാണ്. മത്സരത്തിന് മുമ്പ് രാജസ്ഥാനെയും സഞ്ജുവിനേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങില്‍ പോസ്റ്റിട്ട ആരാധകര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.

‘ഇത്തവണ ആരും കപ്പ് മോഹിച്ച് വരേണ്ട.. കാരണം ഈ സാലാ കപ്പ് നംദേ’, ‘ജാംബവാന്റെ കാലത്ത് എങ്ങാനും കപ്പ് എടുത്തിരുന്നു എന്ന് കരുതി ഇത്തവണ രാജസ്ഥാന് കപ്പ് കിട്ടില്ല’, ‘സോറി സഞ്ജൂ… നിങ്ങളുടെ അവസരം കഴിഞ്ഞു,’ തുടങ്ങിയ ഫാന്‍സിന്റെ എല്ലാ വെല്ലുവിളിയും താമസിയാതെ കരച്ചിലായി മാറുന്ന കാഴ്ചാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

അവസാനം മുംബൈ ഇന്ത്യന്‍സ് അഞ്ച് കപ്പിന്റെ ഭൂതകാലക്കുളിര്‍ കൊള്ളുന്നത് പോലെ ആര്‍.സി.ബി ഫാന്‍സ് ചീക്കു ഭായിയുടെ 973 റണ്‍സിന്റെ വീരകഥയിലേക്ക് ട്രാക്ക് മാറ്റിയിരിക്കുകയാണ്.

 

അതേസമയം, 2008ന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനെ പുകഴ്ത്താനും സോഷ്യല്‍ മീഡിയ മടിക്കുന്നില്ല.

 

കഴിഞ്ഞ മത്സരത്തില്‍ യുവതാരം രജത് പാടിദാറിന്റെ ബാറ്റിംഗ് മികവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് തരക്കേടില്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍സ്, ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ റോയല്‍ സെഞ്ച്വറിയുടെ മികവില്‍ വിജയം പിടിച്ചടക്കുകയായിരുന്നു.

 

Content highlight: Social Media trolls RCB and RCB fans