റിലീസായ ദിവസം തന്നെ സക്‌സസ് സെലിബ്രേഷന്‍ നടത്തി പവന്‍ കല്യാണ്‍, വേള്‍ഡ് റെക്കോഡെന്ന് ട്രോള്‍
Indian Cinema
റിലീസായ ദിവസം തന്നെ സക്‌സസ് സെലിബ്രേഷന്‍ നടത്തി പവന്‍ കല്യാണ്‍, വേള്‍ഡ് റെക്കോഡെന്ന് ട്രോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th July 2025, 5:11 pm

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രം ഹരിഹര വീര മല്ലുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ജ്യോതി കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ഷോ അവസാനിച്ചപ്പോള്‍ തന്നെ മോശം അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനാണ് ഇപ്പോള്‍ ട്രോളിന് വിധേയമാകുന്നത്.

സാധാരണയായി ഒരു സിനിമ ബജറ്റിനെക്കാള്‍ അധികം തുക തിരിച്ചുപിടിച്ചാല്‍ ഹിറ്റാവുകയും വിജയിക്കുകയും ചെയ്യുന്നിടത്താണ് ആദ്യദിനം നെഗറ്റീവ് റിവ്യൂ ലഭിച്ചിട്ടും ഒരു സിനിമ സക്‌സസ് സെലിബ്രേഷന്‍ നടത്തുന്നത്. ഒരു സിനിമയുടെ ഏറ്റവും വേഗതയേറിയ സക്‌സസ് സെലിബ്രേഷനാണ് ഇതെന്നാണ് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നത്.

‘ഫ്‌ളോപ്പായാലും സക്‌സസ് പാര്‍ട്ടിയോ’, ‘സക്‌സസ് ആയെന്ന് ആരാ പറഞ്ഞത്’ തുടങ്ങി ഒരുപാട് പരിഹാസ കമന്റുകള്‍ പോസ്റ്റിന് താഴെ വരുന്നുണ്ട്. അതേ സമയം ചിത്രം ഹിറ്റാണെന്ന് വരുത്തിതീര്‍ക്കാന്‍ പവന്‍ കല്യാണിന്റെ ആരാധകര്‍ കിണഞ്ഞു പരിശ്രമിക്കുന്നതും സോഷ്യല്‍ മീഡിയയിലെ കാഴ്ചയാണ്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുടെ പ്രവര്‍ത്തകരും ചിത്രം ഹിറ്റാക്കാന്‍ ശ്രമിക്കുന്നുണ്ട്.

‘സനാതനവിശ്വാസികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം’, ‘ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം ഈ സിനിമ പറയും’, ‘ഹിന്ദുവിന്റെ ചരിത്രവും ധര്‍മവും കൃത്യമായി അടയാളപ്പെടുത്തിയ സിനിമ’ തുടങ്ങി നിരവധി പ്രശംസകളാണ് തീവ്രവലതുപക്ഷ അനുഭാവമുള്ള പേജുകളില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. ഛാവക്ക് ശേഷം ഔറംഗസേബിനെ വില്ലനായി ചിത്രീകരിക്കുന്ന സിനിമ കൂടിയാണിത്.

ഏറ്റവും മോശം വി.എഫ്.എക്‌സ് വര്‍ക്കില്‍ എത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം എന്നാണ് പലരും ഹരിഹര വീരമല്ലുവിനെ വിശേഷിപ്പിക്കുന്നത്. 250 കോടി ബജറ്റിന്റെ യാതൊരു ക്വാളിറ്റിയും ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ലെന്നും വി.എഫ്.എക്‌സ് കുതിരയെപ്പോലും മര്യാദക്ക് ഓടിക്കാനറിയാത്ത പവന്‍ കല്യാണുമാണ് ചിത്രത്തില്‍ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് പവന്‍ കല്യാണ്‍ നായകനാകുന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഭീംല നായക് (അയ്യപ്പനും കോശിയും റീമേക്ക്) ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഭീംല നായക്കിനെക്കാള്‍ വലിയ ബോംബ് വര്‍ഷിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മെഗാസ്റ്റാര്‍ ഫാമിലിയുടെ പരാജയ പരമ്പര പവന്‍ കല്യാണ്‍ കാത്തുസൂക്ഷിച്ചെന്നും പരിഹസിക്കുന്നവരുണ്ട്.

Content Highlight: Social Media trolling Pawan Kalyan’s Hari Hara Veera Mallu movie for their success celebration