കബാലിക്ക് ശേഷം ഫ്‌ളൈറ്റില്‍ പോസ്റ്റര്‍ ബ്രാന്‍ഡിങ് നടത്തിയ സിനിമയായി കളങ്കാവല്‍, പ്രൊമോഷനെ ട്രോളി സോഷ്യല്‍ മീഡിയ
Malayalam Cinema
കബാലിക്ക് ശേഷം ഫ്‌ളൈറ്റില്‍ പോസ്റ്റര്‍ ബ്രാന്‍ഡിങ് നടത്തിയ സിനിമയായി കളങ്കാവല്‍, പ്രൊമോഷനെ ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th November 2025, 11:26 am

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടുനിന്ന മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രമായാണ് കളങ്കാവലിനെ കണക്കാക്കുന്നത്. എട്ട് മാസത്തിന് ശേഷം മെഗാസ്റ്റാറിനെ ബിഗ് സ്‌ക്രീനില്‍ കാണുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്കുന്നതാണെങ്കിലും ചില കാര്യങ്ങളില്‍ ആരാധകര്‍ നിരാശയിലാണ്.

ചിത്രത്തെ ലൈവാക്കി നിര്‍ത്താനുള്ള പ്രൊമോഷനുകളൊന്നും നിര്‍മാതാക്കളായ മമ്മൂട്ടിക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്ന കാര്യമാണ് നിരാശരാക്കുന്നത്. അങ്ങിങ്ങായി ചില പോസ്റ്ററുകള്‍ മാത്രമാണ് ചിത്രത്തിന്റേതായി ഉള്ളത്. എന്നാല്‍ പ്രൊമോഷനില്ലാത്തതിനെ ചില ഫേസ്ബുക്ക് പേജുകള്‍ ട്രോളുന്നതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

വിമാനത്തിലും ട്രെയിനിലുമെല്ലാം കളങ്കാവലിന്റെ ബ്രാന്‍ഡിങ് നടത്തുന്നെന്ന തരത്തിലാണ് ട്രോളുകള്‍. ഫ്‌ളൈറ്റില്‍ കളങ്കാവലിന്റെ ബ്രാന്‍ഡിങ് നടത്തി എന്ന ട്രോളാണ് ഈ ക്യാമ്പയിന് തുടക്കമായത്. പ്രൊമോഷനൊന്നും നടത്താത്തതിനെ ട്രോളുക എന്ന ഉദ്ദേശത്തോടെ എ.ഐ ഉപയോഗിച്ച് ഫ്‌ളൈറ്റില്‍ കളങ്കാവലിന്റെ പോസ്റ്റര്‍ പതിപ്പിച്ച തരത്തിലുള്ള ഫോട്ടോ വളരെ വേഗത്തില്‍ വൈറലായി.

കണ്ടാല്‍ ഒറിജിനലാണെന്ന് തോന്നുന്ന തരത്തിലായിരുന്നു ഈ ഫോട്ടോ. ഇത്രയും വലിയ പ്രൊമോഷന്‍ നടത്തിയത് എയര്‍പോര്‍ട്ടിലുള്ളവരും മമ്മൂട്ടിക്കമ്പനിയും അറിഞ്ഞിട്ടില്ലെന്നാണ് കമന്റുകള്‍. പെപ്‌സി, കൊക്കോ കോള എന്നിവയിലും കളങ്കാവല്‍ ബ്രാന്‍ഡിങ് നടത്തിയെന്നും ട്രോളുകളുണ്ട്. കളങ്കാവല്‍ സ്‌പെഷ്യല്‍ എഡിഷനുള്ള കിന്‍ഡര്‍ ജോയ് പുറത്തിറങ്ങി എന്ന രീതിയിലും എ.ഐ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ ബസുകളിലെല്ലാം ചിത്രത്തിന്റെ പോസ്റ്റര്‍ പതിപ്പിച്ചെന്ന തരത്തിലെ ഫോട്ടോകള്‍ ഒറിജിനലാണെന്ന് കരുതുന്നവരെല്ലാം ഉണ്ട്. ‘തിരുവനന്തപുരം മെട്രോയില്‍ പരസ്യം ചെയ്ത ആദ്യ മലയാള സിനിമ എന്ന നേട്ടം കളങ്കാവലിന് സ്വന്തം’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഫോട്ടോക്ക് വന്‍ റീച്ചാണ് ലഭിച്ചത്.

ബുര്‍ജ് ഖലീഫയിലും ടൈംസ് സ്‌ക്വയറിലും വരുംദിവസങ്ങളില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുമെന്നും ട്രോളുകളുണ്ട്. എത്ര മികച്ച സിനിമകള്‍ നിര്‍മിച്ചാലും അതിന് വേണ്ട രീതിയില്‍ പ്രൊമോഷന്‍ നല്കാത്തതിന്റെ പേരില്‍ മമ്മൂട്ടിക്കമ്പനി വിമര്‍ശനം കേള്‍ക്കാറുണ്ട്.

അതിഗംഭീര പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി ക്ലബ്ബില്‍ കയറാത്തത് പ്രൊമോഷനില്ലാത്തതുകൊണ്ടായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. നല്ല രീതിയില്‍ പ്രൊമോട്ട് ചെയ്തിരുന്നെങ്കില്‍ ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സിന്റെ ബോക്‌സ് ഓഫീസ് ഫലം കുറച്ചുകൂടെ നന്നായേനെയെന്ന് സംവിധായകന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കളങ്കാവലിനും പ്രൊമോഷനില്ലാത്തത് വിമര്‍ശിക്കപ്പെടുകയാണ്.

Content Highlight: Social media trolling Mammootty Kampany for not marketing Kalamkaval movie