ആന്റണി നമ്മള്‍ ഉദ്ദേശിച്ച ആളല്ല സാര്‍; ടെലിഗ്രാം നിയന്ത്രണം ദൃശ്യം 3യുടെ ഒ.ടി.ടി റിലീസിനെ തുടര്‍ന്നെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
ആന്റണി നമ്മള്‍ ഉദ്ദേശിച്ച ആളല്ല സാര്‍; ടെലിഗ്രാം നിയന്ത്രണം ദൃശ്യം 3യുടെ ഒ.ടി.ടി റിലീസിനെ തുടര്‍ന്നെന്ന് സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 18th June 2026, 8:11 am

വമ്പന്‍ ബിസിനസിനായിരുന്നു ദൃശ്യം 3 എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ സാക്ഷ്യം വഹിച്ചത്. ചിത്രത്തിന്റെ റൈറ്റ്‌സുകളെല്ലാം ഭീമന്‍ തുകയ്ക്ക് സ്വന്തമാക്കാന്‍ ബോളിവുഡ് വമ്പന്മാരായ പനോരമ സ്റ്റുഡിയോസ് രംഗത്തെത്തിയതോടെ റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡിടാന്‍ ദൃശ്യം 3ക്ക് സാധിച്ചു. മോഹന്‍ലാല്‍ എന്ന അതികായനും ദൃശ്യം എന്ന മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസിയും ഒന്നിച്ചപ്പോള്‍ പിന്നീട് തിയേറ്ററുകള്‍ സാക്ഷ്യ വഹിച്ചത് ചരിത്രത്തിനായിരുന്നു.

സമ്മിശ്ര പ്രതികരണം ലഭിച്ചിട്ട് കൂടി ആഗോളതലത്തില്‍ 240 കോടിയോളമായിരുന്നു ദൃശ്യം 3 സ്വന്തമാക്കിയത്. എമ്പുരാന് ശേഷം ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കളക്ഷനായിരുന്നു മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് റിലീസ് ചെയ്തപ്പോള്‍ ദൃശ്യം 3യ്ക്ക് ലഭിച്ചത്. 42 കോടിയോളം സ്വന്തമാക്കിയായിരുന്നു ചിത്രം ഓപ്പണ്‍ ചെയ്തത്. പലരും ഈ നേട്ടത്തിന്റെ ക്രെഡിറ്റ് നല്‍കുന്നതാകട്ടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനാണ്. സ്‌പോയിലര്‍ വരാന്‍ സാധ്യതയുള്ള ചിത്രത്തിന്റെ ബുക്കിങ് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ച് ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റഴിച്ചായിരുന്നു ആന്റണി കളമൊരുക്കിയത്.

ദൃശ്യം 3. Photo: District

ഇപ്പോഴിതാ ഇന്ത്യയില്‍ ടെലഗ്രാം നിരോധിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയെ ആന്റണി പെരുമ്പാവൂരുമായി ബന്ധപ്പെടുത്തിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യം 3 ജൂണ്‍ 18ന് അര്‍ദ്ധരാത്രി മുതല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോ വഴി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇത് രണ്ടും ബന്ധപ്പെടുത്തിക്കൊണ്ടാണ് ട്രോളുകളുടെ തുടക്കം.

നീറ്റ് ചോദ്യപേപ്പര്‍ പരീക്ഷ തടയാനായിട്ടല്ല ടെലിഗ്രാം നിരോധിച്ചതെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കരങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ട്രോള്‍. ചിത്രം ആമസോണ്‍ വഴി റിലീസ് ചെയ്ത് ഒരാഴ്ച്ചത്തേക്ക് ടെലിഗ്രാമിന് നിരോധനമേര്‍പ്പെടുത്തിയത് ചിത്രത്തിന്റെ പകര്‍പ്പ് ടെലഗ്രാമിലൂടെ തടയാനായിട്ടാണ് എന്നും ട്രോളന്മാര്‍ പറയുന്നു. ആന്റണി നമ്മളുദ്ദേശിച്ച ആളല്ല സാര്‍ എന്ന ലൂസിഫറിലെ ഡയലോഗ് കടമെടുത്ത് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ആന്റണിയും മോഹന്‍ലാലും. Photo: Onlookers media

ഇന്ത്യയില്‍ വലിയ വിഭാഗം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ഈ മാധ്യമം വഴി രാജ്യത്ത് വലിയ രീതിയില്‍ പ്രചരിക്കപ്പെടാറുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് പുനപരീക്ഷ ജൂണ്‍ 21ന് നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ടെലിഗ്രാമിന് ഇന്ത്യയില്‍ നിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാവുന്നത് കൊണ്ട് എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടുന്നത് പോലെയാണ് ഇതെന്ന് പരിഹസിച്ച് കൊണ്ട് ടെലിഗ്രാം ആപ്പിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Content Highlight: Social media troll says Antony Perumbavoor is behind Telegram ban as Drishyam 3 releases on ott

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.