ഷങ്കര്‍- റാം ചരണ്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. 500 കോടി ബജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രത്തിന് മോശം പ്രതികരണമാണ് പലയിടത്ത് നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതിന് പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.
189 കോടി കളക്ഷന്‍ ലഭിച്ചെന്നാണ് നിര്‍മാതാവ് ദില്‍ രാജു അറിയിച്ചത്. എന്നാല്‍ സിനിമാ ട്രാക്കിങ് വെബ്‌സൈറ്റുകളും പേജുകളും ഈ കളക്ഷന്‍ തെറ്റാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ചര്‍ച്ച ചൂടുപിടിച്ചത്. ആദ്യദിനത്തെ ട്രാക്കിങ് അനുസരിച്ച് വെറും 89 കോടി മാത്രമേ ചിത്രം നേടിയിട്ടുള്ളൂവെന്ന് ട്രാക്കിങ് പേജുകള്‍ പുറത്തുവിട്ടു.
100 കോടിയോളം നിര്‍മാതാക്കള്‍ അധികമായി കാണിച്ചെന്നാണ് ആരോപണം. ബുക്കിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഓരോ തിയേറ്ററില്‍ നിന്നും എത്ര കളക്ഷന്‍ കിട്ടിയെന്ന് കൃത്യമായി അറിയാന്‍ കഴിയുന്ന ട്രാക്കര്‍മാരെയാണ് പലരും വിശ്വസിക്കുന്നത്. ഗെയിം ചേഞ്ചര്‍ മാത്രമല്ല, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പല പാന്‍ ഇന്ത്യന്‍ സിനിമകളും ഇത്തരത്തില്‍ കളക്ഷന്‍ പെരുപ്പിച്ച് കാണിച്ചിരുന്നു.
ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ ദേവരയാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്. 140 കോടി നേടിയ ദേവരയുടെ ആദ്യദിന കളക്ഷന്‍ 172 കോടിയെന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറഞ്ഞത്. പിന്നീട് സൂര്യ ചിത്രം കങ്കുവയും വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമും ഇത്തരത്തില്‍ കളക്ഷന്‍ പെരുപ്പിച്ച് കാണിച്ചത് വലിയ വാര്‍ത്തയായിരുന്നു.
അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ ആദ്യദിന കളക്ഷനും ഇത്തരത്തില്‍ കളക്ഷന്‍ കൂട്ടിക്കാണിച്ചിരുന്നു. 240 കോടി നേടിയ ചിത്രം 294 കോടി നേടിയെന്നാണ് നിര്‍മാതാക്കള്‍ പോസ്റ്ററിലൂടെ അറിയിച്ചത്. മറ്റ് സിനിമകള്‍ 30 കോടിയും 50 കോടിയും കൂടുതലായി കാണിച്ചപ്പോള്‍ ഗെയിം ചേഞ്ചര്‍ ഒറ്റയടിക്ക് 100 കോടിയാണ് കൂടുതലായി കാണിച്ചത്. പല ട്രാക്കിങ് പേജുകളും ഈ നീക്കത്തെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ 2വും ഗെയിം ചേഞ്ചറും ഒരേസമയമാണ് ഷങ്കര്‍ ഷൂട്ട് ചെയ്തത്. ഇത് രണ്ട് ചിത്രങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ 2വിന് നെഗറ്റീവ് റിവ്യൂ ലഭിച്ചതിന് പിന്നാലെ ഗെയിം ചേഞ്ചറിന്റെ പല ഭാഗങ്ങളും ഷങ്കര്‍ റീഷൂട്ട് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. 35 കോടിയോളം ചെലവഴിച്ചാണ് ഷങ്കര്‍ റീഷൂട്ട് ചെയ്തത്.
Content Highlight: Social Media tracking pages proves that Game Changer first day collection is fake