'കഞ്ചാവ് തുന്നിയിട്ട കുപ്പായ'മെന്ന് ഏഷ്യാനെറ്റ്; വിമര്‍ശനം, വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ
Kerala News
'കഞ്ചാവ് തുന്നിയിട്ട കുപ്പായ'മെന്ന് ഏഷ്യാനെറ്റ്; വിമര്‍ശനം, വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th April 2025, 7:22 pm

കോഴിക്കോട്: ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതോടെ വ്യാപകമായി അധിക്ഷേപം നേരിടുന്ന റാപ്പര്‍ വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വരെ വേടനെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നവരുടെ നിലപാടുമാറ്റത്തിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.

‘കഞ്ചാവ് തുന്നിയിട്ട കുപ്പായം’ എന്ന തലക്കെട്ടോട് കൂടി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ തത്സമയ വാര്‍ത്തകള്‍ അടക്കമാണ് വിമര്‍ശനം നേരിടുന്നത്. അവസരം കിട്ടാന്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നും മനുഷ്യരെ ഇത്തരത്തില്‍ പിച്ചിച്ചീന്താന്‍ മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അഞ്ച് ഗ്രാം കഞ്ചാവിന്റെ പേരില്‍ ഒരുത്തനെ റദ്ദ് ചെയ്യാന്‍ ഉത്സാഹം തോന്നുന്നുണ്ടെങ്കില്‍ ആ യുവാവിന്റെ സാന്നിധ്യം അത്രമേല്‍ ഇവരെയൊക്കെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശ്രീജിത്ത് ദിവാകരന്‍ വേടന് പിന്തുണ അറിയിച്ചത്.

‘എന്ത് തരം വിഷമങ്ങളാണ് ഇവറ്റകളെ നയിക്കുന്നതെന്ന് നമുക്ക് മനസിലാകില്ല. വേടന്‍ വന്ന് വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന് പറയുന്നതിന്റെ അര്‍ത്ഥവും ഈ ദന്തഗോപുര വാസികള്‍ക്ക് ഒരിക്കലും മനസിലാകില്ല. അഞ്ച് ഗ്രാം കഞ്ചാവിന്റെ പേരില്‍ ഒരുത്തനെ റദ്ദ് ചെയ്ത് കളയാന്‍ ഇത്ര ഉത്സാഹം തോന്നുന്നുണ്ടേല്‍, ആ യുവാവിന്റെ സാന്നിധ്യം അത്രമേല്‍ ഇവരെയൊക്കെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണര്‍ത്ഥം.

കഞ്ചാവ് തുന്നിയിട്ട കുപ്പായം പോലും! ഇതെഴുതി വിടുന്നവന്റെ തൊട്ടടുത്തിരിക്കുന്നവരുടെ പോക്കറ്റില്‍ കാണും അഞ്ച് ഗ്രാമില്‍ കൂടുതല്‍ സംഗതി. വൈകുന്നേരം സങ്കേതത്തിലിരുന്ന് അവനെ എഴുതിത്തുലച്ചതിന്റെ വീരസ്യം പറയാന്‍ രണ്ടെണ്ണം കൂടുതല്‍ വീശുകയും ചെയ്യാം,’ ശ്രീജിത്ത് ദിവാകരന്‍.

ചെക്ക്‌പോസ്റ്റ് കടന്നുവരുന്ന കഞ്ചാവിന്റെ ഉത്ഭവസ്ഥാനം കണ്ടെത്താനും പിടിച്ചെടുക്കാനും കഴിയാത്ത നിയമസംവിധാനം കേരളത്തില്‍ ഉള്ളിടത്തോളം കാലം വേടനും അയാളുടെ രാഷ്ട്രീയത്തിനുമൊപ്പം തന്നെയാണെന്നും മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ സനല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ വേടനെ പിന്തുണച്ചത്.

‘വേടന്‍ തന്റെ പരിപാടികളില്‍ സിന്തറ്റിക് ഡ്രഗ്‌സിനെതിരെ സംസാരിക്കാറുണ്ട്. കഞ്ചാവ് എന്ന ഓര്‍ഗാനിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്ന് പറയാറും ഇല്ല. പല മാധ്യമങ്ങളും ഈ പ്രസ്താവനയെ വളച്ചൊടിച്ചാണ് വാര്‍ത്ത നല്‍കുന്നത്.
ഇന്ത്യയിലെ നിലവിലെ നിയമം അനുസരിച്ച് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയ 6 ഗ്രാം കഞ്ചാവ്, ഉടനെ തന്നെ സ്റ്റേഷന്‍ ജാമ്യം കൊടുത്ത് വിടേണ്ട വകുപ്പാണ്.

പക്ഷേ സമീപകാലത്ത്, പൊതുവേ അരാഷ്ട്രീയവാദികള്‍ ആയി അറിയപ്പെടുന്ന 2k കിഡ്‌സിനിടയില്‍ വേടന്‍ ഉണ്ടാക്കിയ ഒരു സ്വാധീനമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കനകക്കുന്നിന്റെ ചരിത്രത്തില്‍ ഇത് വരെ കാണാത്ത ജനപ്രവാഹം വേടനെ തേടി വന്നത് കണ്ട് വിറളി പൂണ്ടവര്‍ ഇത് ആഘോഷിക്കുമായിരിക്കാം. കാരണം വേടന്റെ വരികളിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ രാഷ്ട്രീയം പുതിയ തലമുറയിലെ യുവതയെ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ട്. അത് ഇനിയും തുടരുക തന്നെ ചെയ്യും,’ രാഹുല്‍ സനല്‍ കുറിച്ചു.

വേടനും വേടന്‍ പാട്ടിലൂടെ പറയുന്ന രാഷ്ട്രീയത്തിനുമൊപ്പം ഇനിയും നിലകൊള്ളുമെന്ന് മാധ്യമപ്രവര്‍ത്തകനും എഡിറ്ററുമായ തിരുവല്ലം ഭാസിയും പ്രതികരിച്ചു.

വേടനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തതിന് ശേഷം ‘അവന്‍ ജാതി പറയുന്നുവെന്ന് മുറവിളിക്കുന്ന തമ്പുരാക്കന്മാര്‍ വേടന്റെ വാര്‍ത്തകള്‍ക്ക് താഴെ സവര്‍ണ ജാതി മലവിസര്‍ജനം വാരിവിതറുന്നുവെന്നും തിരുവല്ലം ഭാസി ചൂണ്ടിക്കാട്ടി.

ഇവര്‍ക്ക് പുറമെ കെ.കെ. ബാബുരാജ് ഉള്‍പ്പെടെയുള്ള ദളിത് എഴുത്തുകാരും വേടന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സാംസ്‌കാരിക ശുദ്ധിവാദികള്‍ പോയി തൂങ്ങി ചാവട്ടെയെന്നും വേടനും ഖാലിദ് റഹ്‌മാനും അഷറഫ് ഹംസക്കും ഒപ്പമെന്നുമാണ് കെ.കെ ബാബുരാജ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണയറിയിച്ചത്.

Content Highlight: Social media supports the rapper vedan