അയ്യപ്പനും അല്‍പ്പനും; അയ്യപ്പന്‍ 'മൂത്ത സഹോദര'നെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ
Kerala
അയ്യപ്പനും അല്‍പ്പനും; അയ്യപ്പന്‍ 'മൂത്ത സഹോദര'നെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 10:06 pm

കോഴിക്കോട്: അയ്യപ്പന്‍ തന്റെ മൂത്ത സഹോദരനാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ.

അയ്യപ്പന്റെ സഹോദരനെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പുലിപ്പുറത്ത് ഇരിക്കുന്ന അയ്യപ്പന്റേയും സുരേഷ് ഗോപിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

‘അയ്യപ്പന് കളങ്കം വരുത്താനായി ഓരോ ജന്മങ്ങള്‍’ എന്നാണ് ഫേസ്ബുക്കിലെ വിമര്‍ശനങ്ങള്‍. ഇമ്മാതിരി മനുഷ്യരാല്‍ അയ്യപ്പന്റെ പേര് പോകുവല്ലോ എന്നും ചിലര്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്.

‘അപ്പൊ ഇതായിരുന്നോ സഹോദരന്‍ അയ്യപ്പന്‍’ എന്നതാണ് ഫേസ്ബുക്കിലോടെ മറ്റൊരു രസകരമായ കമന്റ്. അയ്യപ്പനെയും അദ്ദേഹത്തിന്റെ അല്‍പ്പനായ സഹോദരനെയും കാണാന്‍ സാധിച്ചുവെന്നാണ് ഒരാള്‍ കുറിച്ചത്.

മക്ക തന്റെ അമ്പലമാണെന്നും അവിടെ ഇരിക്കുന്നത് തന്റെ വല്യച്ഛനാണെന്നും സുരേഷ് ഗോപി പറയാന്‍ സാധ്യതയുണ്ടെന്നാണ് മറ്റൊരാളുടെ പ്രതികരണം. ‘സുരേഷ് ഗോപി ഇപ്പോഴും ഗുരു സിനിമയിലെ അന്ധവിശ്വാസം കൊണ്ട് അന്ധനായിപ്പോയ രാജാവ് തന്നെയാണ്,’ എന്നാണ് ഒരാള്‍ പ്രതികരിച്ചത്.

കേന്ദ്ര സഹമന്ത്രിയെ ‘സഹോദരന്‍ ഗോപിയപ്പന്‍’ എന്നും ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇത്രയും കാലം ഈ സഹോദരന്‍ വനവാസത്തില്‍ ആയിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം കലുങ്ക് സംവാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ ‘മൂത്ത സഹോദരന്‍’ പരാമര്‍ശം. സ്വര്‍ണപാളി വിവാദം കര്‍മയാണെന്നും എങ്ങനെയെല്ലാം അയ്യപ്പനെ അവഹേളിച്ചുവോ അതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

‘അയ്യപ്പന്‍ മനുഷ്യന്‍ കൂടിയാണ്. അയ്യപ്പനെ സഹോദരനായിട്ടാണ് ഞാന്‍ എന്റെ ഹൃദയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് കുടുംബപരമായിട്ട് എല്ലാവര്‍ക്കും വില്ലെഴുതി ചാര്‍ത്തിത്തന്ന അവകാശമല്ല. ഭഗവാന്റെ ചെമ്പിന് കണക്ക് എടുക്കട്ടേ. സ്വര്‍ണത്തിന് കണക്ക് എടുക്കാന്‍ കഴിയില്ല. കേരളത്തിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അവരെ നിയന്ത്രിക്കുന്ന മന്ത്രിയും അവരുടെ സര്‍ക്കാരും പുതിയ നൊബേല്‍ സമ്മാനത്തിനുള്ള രസതന്ത്രമാണ് കുറിച്ചിരിക്കുന്നത്,’ എന്നും സുരേഷ് ഗോപി സംസാരിച്ചിരുന്നു.

Content Highlight: Social media slams Suresh Gopi’s remark that Ayyappan is ‘elder brother’