ഇന്ത്യന്‍ ജേഴ്‌സിയില്‍ തുടര്‍ച്ചയായി മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജു, ഗുവാഹത്തിയില്‍ ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് സഞ്ജു തിരിച്ചുനടന്നത്. മാറ്റ് ഹെന്‌റിയുടെ പന്തില്‍ കുറ്റി തെറിച്ചായിരുന്നു സഞ്ജുവിന്റെ മടക്കം.
സഞ്ജുവിന് അവസരം നല്‍കിയില്ല എന്ന് ഇനിയൊരിക്കലും പറയരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ടി-20 ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്നത് താരത്തിന്റെ ലോകകപ്പ് ടീമിലെ സ്ഥാനത്തിന് പോലും തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.
‘സഞ്ജു സാംസണിന്റെ കഴിവിനെ ആരും സംശയിക്കുന്നില്ലെങ്കിലും, ‘നിര്‍ഭാഗ്യവാന്‍’ എന്ന ലേബല്‍ ഇനി അദ്ദേഹത്തിന് ചേരില്ല’, ‘140 കോടി ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത് ആര്‍ക്കും പരിധിയില്ലാത്ത അവസരങ്ങള്‍ ലഭിക്കില്ല’, ‘സഞ്ജു തുടര്‍ച്ചയായി പരാജയപ്പെടുകയും അദ്ദേഹത്തിന് പകരമെത്തുന്നവര്‍ തിളങ്ങുകയും ചെയ്യുമ്പോള്‍ ടീമിന് പുറത്ത് പോകേണ്ടി വന്നാല്‍ വെട്ടുകിളി ഫാന്‍സിനോട് അടങ്ങിയിരിക്കാന്‍ പറയണം’ തുടങ്ങിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
സഞ്ജുവിന് ബെഞ്ചിലെ ഇരുത്തം തന്നെയാണ് ചേരുകയെന്ന് വിധിയെഴുതിയ ഓണ്‍ലൈന്‍ ക്രിക്കറ്റ് അനലിസ്റ്റുകളും ധാരാളമാണ്. ഇഷാന്‍ കിഷന്‍ ബാറ്റിങ്ങില്‍ തിളങ്ങുന്ന സാഹചര്യത്തില്‍ സഞ്ജുവിന് ഇനി ടീമില്‍ ഇടമുണ്ടാകില്ലെന്നും, ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്റെ അനുഭവങ്ങളും ഡ്രസ്സിങ് റൂമിലെ സീക്രട്ടുകളും പറയുന്ന ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ മതിയെന്ന് പരിഹസിക്കുന്നവരും കുറവല്ല.
എന്നാല്‍ സഞ്ജു തിരിച്ചുവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ആരാധകരും നിരവധിയാണ്.
നിരവധി സമ്മര്‍ദഘട്ടത്തിലൂടെയാണ് സഞ്ജു ഓരോ മത്സരത്തിലും കളത്തിലിറങ്ങുന്നത്. വീണ്ടും ഫ്‌ളോപ്പായാല്‍ ടീമിന് പുറത്താകുമെന്നും മറുവശത്ത് എക്‌സ്‌പ്ലോസീവ് ബാറ്ററായ അഭിഷേക് വെടിക്കെട്ട് നടത്തുമ്പോള്‍ സ്‌ട്രൈക് റേറ്റ് കുറയാതെ സൂക്ഷിക്കണമെന്നതും ഇന്ത്യയുടെ ടു ഫോര്‍മാറ്റ് ക്യാപ്റ്റനെ മറികടന്നുകൊണ്ടാണ് നിലവില്‍ ടീമില്‍ ഇടം കണ്ടെത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ സഞ്ജുവിനെ സമ്മര്‍ദത്തലാക്കുന്നുണ്ട്.
ഈ സമ്മര്‍ദത്തെ അതിജീവിച്ചെങ്കില്‍ മാത്രമേ സഞ്ജുവിന് ടീമില്‍ സര്‍വൈവ് ചെയ്യാന്‍ സാധിക്കൂ. ഈ സമ്മര്‍ദങ്ങളെയെല്ലാം മറികടക്കാന്‍ താരത്തിന് സാധിക്കുമെന്നും അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്
Content Highlight: Social Media slams Sanju Samson over back to back poor outings