എഡിറ്റര്‍
എഡിറ്റര്‍
‘സാമൂഹിക വിപത്തും ഗജഫ്രോഡുമായ ജേക്കബ് വടക്കുംചേരിക്കുള്ള ഫ്രീ പരസ്യമായി പോയല്ലോ സഖാവേ’; ജേക്കബ് വടക്കുംചേരിയെ പ്രശംസിച്ച എം.എ ബേബിയ്ക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം
എഡിറ്റര്‍
Saturday 25th November 2017 11:37pm

കോഴിക്കോട്: വാക്സിന്‍ വിരുദ്ധര്‍ക്കെതിരായ എം.എ ബേബിയുടെ എഫ്.ബി പോസ്റ്റില്‍ ജേക്കബ് വടക്കുംചേരിയെ പ്രശംസിച്ചതിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ‘ജീവിതശൈലി രോഗങ്ങളുടെ ഈ കാലത്ത് ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വ്യായാമം ചെയ്യുന്നതും ആധുനിക വൈദ്യശാസ്ത്രം തന്നെ ശുപാര്‍ശ ചെയ്യുന്നതാണ്. ശ്രീ ജേക്കബ് വടക്കുംചേരി നിര്‍ദേശിച്ച ഭക്ഷണശൈലി ചില മാറ്റങ്ങളോടെ ഞാന്‍ പാലിച്ചു വരുന്നു. അത് എനിക്ക് വളരെ തൃപ്തികരമായ ഫലമുണ്ടാക്കി എന്നു പറയാതിരുന്നാല്‍ അസത്യമാവും’ എന്നാണ് എം.എ ബേബി എഫ്.ബി യില്‍ കുറിച്ചിരിക്കുന്ന ഭാഗം.

എന്നാല്‍ സ്വയം ഡോക്ടര്‍ എന്ന പറഞ്ഞ് വാക്സിനെതിരെ പരസ്യമായി രംഗത്തെത്തിയ ആളാണ് ജേക്കബ് വടക്കുംചേരി. ഇത്തരത്തില്‍ പ്രശംസിക്കുന്നതിലൂടെ ജേക്കബ് വടക്കാഞ്ചേരിയുടെ പ്രചരണത്തിന് കൂടുതല്‍ പിന്തുണകൊടുക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ‘വാക്സിന്‍ വിരുദ്ധ തെമ്മാടികളുടെ മിശിഹയാണീ തെക്കുംചേരി. ഇയാളുടെ പ്രബോധനമാണ് പതിനായിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ വാക്സിന്‍ കവറേജില്‍ വരാതിരിക്കാന്‍ കാരണം. അതായത് ആരോഗ്യമുള്ള ഭാവിതലമുറയെ സൃഷ്ടിക്കുന്നതിന് തടസം സൃഷ്ടിക്കുന്ന കൊടുംക്രിമിനല്‍’ എന്നാണ് ഷബാര്‍ സുലൈമാന്‍ എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

‘മീസില്‍സ്- റൂബെല്ലാ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി എല്ലാ കുട്ടികളിലും ഉണ്ടാക്കാനുള്ള വലിയൊരു യജ്ഞത്തിലാണ് കേരളം. ലക്ഷ്യമിട്ടതിന്റെ എണ്പത് ശതമാനത്തിലേറെ കുട്ടികളും ഇതിനുള്ള കുത്തിവയ്പ് എടുത്തും കഴിഞ്ഞു. കേരളത്തിന്റെ ആധുനിക പാരമ്പര്യമനുസരിച്ച് ഇത്തരമൊരു ശ്രമം അനായാസേനെ വിജയിക്കേണ്ടതാണ്.’ എന്നാല്‍ ഒരു വിഭാഗം വര്‍ഗീയവാദികളും മതഭ്രാന്തന്മാരും ശാസ്ത്രവിരുദ്ധരും ചേര്‍ന്ന് നടത്തുന്ന പ്രചാരണങ്ങളാല്‍ ചില ജില്ലകളില്‍ ഈ യജ്ഞം വേണ്ടത്ര വിജയിച്ചിട്ടില്ല. എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിന്റെ അവസാനത്തിലാണ് ജേക്കബ് വടക്കുചേരിയെ പ്രശംസിക്കുന്നത്.

ആരോഗ്യ മന്ത്രിയുടെ മുന്നില്‍ വെച്ചു പോലും ഡോക്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ആള്‍ ആണ് വടക്കുംചേരി എന്നും അന്ന് തന്നേ നടപടി ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഇന്നും വടക്കുംചേരി പോലെ ഉള്ള വ്യാജന്മാര്‍ വാക്‌സിനേഷന് എതിരെ ഉള്ള പ്രചരണം നടത്തി വരികയാണെന്നും ആളുകള്‍ കമന്റിലൂടെ ആരോപിക്കുന്നു. ‘നമ്മുടെ ഒക്കെ തലമുറ തന്നേ അപകടത്തില്‍ ആയ തരത്തില്‍ മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ ഉണ്ടായ എം.ആര്‍ വാക്‌സിനേഷന്‍ കവറേജ് കുറവ് നമ്മള്‍ കണ്ടതാണ്… ഇത്തരത്തില്‍ വ്യാജന്മാര്‍ നടത്തുന്ന ലൈവ് അടക്കം അതിനു കാരണം ആയി ചൂണ്ടിക്കാട്ടാന്‍ സാധിക്കും. ഭക്ഷണരീതികള്‍ അടക്കം പറയാന്‍ നല്ല ഒരു ഡയറ്റീഷ്യന്‍ ആയിട്ടുള്ള ഒരാളെ കണ്ടാല്‍ മതിയാകും.. ഇത്തരത്തില്‍ ഉള്ള ഒരാളെ പരോക്ഷമായി പോലും അനുകൂലിക്കാന്‍ പാടില്ല’ എന്നാണ് ജിയോ ജോസ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ജേക്കബ് വടക്കുംചേരിയുടെ വാക്സിന്‍ വിരുദ്ധ, ആധുനിക വൈദ്യശാസ്ത്രവിരുദ്ധ വിമര്‍ശനങ്ങളോടുള്ള തന്റെ വിയോജിപ്പ് പരസ്യപ്പെടുത്തിയിട്ടുള്ളതാണെന്നും അതില്‍ മാറ്റമില്ലെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയ പരിഹാസത്തോടെയാണ് അതിനെ കണ്ടത്.

‘ഇതിലും ഭേദം വിശദീകരണം ഇല്ലാത്തതായിരുന്നു’ എന്നും ‘സയനഡ് കഴിക്കുന്നത് അപകടമാണ് പക്ഷേ ഞാന്‍ അതില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കഴിക്കാറുണ്ട’ തുടങ്ങി ‘രാജവെമ്പാല ഉഗ്രവിഷമുള്ള പാമ്പാണ്, കടിച്ചാല്‍ മരണം ഉറപ്പ് പക്ഷെ ഇഴഞ്ഞേ സഞ്ചരിക്കു… അതോണ്ട് പാവമാ…..പാവാടാ പാവാടാ വടക്കാഞ്ചേരി പാവാടാ’ പോലുള്ള പരിഹാസ കമന്റുകളുമായാണ് ആളുകള്‍ വിമര്‍ശിച്ചത്. ഈ പോസ്റ്റ് ജേക്കബ് വടക്കുംചേരിക്കുളള പരസ്യമാണെന്നും വിമര്‍ശനം വന്നിട്ടുണ്ട്.

Advertisement