ന്യൂദല്‍ഹി: എ.ഐ (നിര്‍മിത ബുദ്ധി)സകല മേഖലകളും കീഴടക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഐ.ടി നിയമത്തിലും മാറ്റം വരുന്നു. എ.ഐ ഉള്ളടക്കങ്ങള്‍ ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സോഷ്യല്‍മീഡിയകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കാനൊരുങ്ങി കേന്ദ്രം.
2021 മുതലുള്ള ഐ.ടി ചട്ടങ്ങളില്‍ (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ഭേദഗതി വരുത്താനാണ് ഐ.ടി മന്ത്രാലയത്തിന്റെ നീക്കം.
ചട്ടം നിലവില്‍ വരുന്നതോടെ എ.ഐയെ നിയന്ത്രിക്കാനുള്ള രാജ്യത്തിന്റെ ആദ്യത്തെ നീക്കമായി ഇതുമാറും.
പുതിയ ചട്ടപ്രകാരം എ.ഐ ഉള്ളടക്കങ്ങളെ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍ദേശം നല്‍കും.
കണ്ടന്റുകളില്‍ എ.ഐ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മൊത്തം ഉള്ളടക്കത്തിന്റെ സമയപരിധിയുടെ പത്ത് ശതമാനം നേരമെങ്കിലും വാട്ടര്‍മാര്‍ക്കായോ ലേബലായോ മുന്നറിയിപ്പായി അടയാളപ്പെടുത്തണം.
ഇതുസംബന്ധിച്ച കരട് ചട്ടം തയ്യാറാക്കി. നവംബര്‍ ആറ് വരെ കരട് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അതത് മേഖലയിലുള്ളവര്‍ക്ക് അവസരമുണ്ട്.