മോളിവുഡില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ സീക്വലുകള്‍ വമ്പന്‍ വിജയമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിയേറ്ററുകളിലെത്തിയ സീക്വലുകളെല്ലാം ഗംഭീര കുതിപ്പാണ് നടത്തുന്നത്. ആട് 3, വാഴ 2, മോഹിനിയാട്ടം എന്നിവയാണ് ചെറിയ ഇടവേളയില്‍ തിയേറ്ററുകളിലെത്തിയ സീക്വലുകള്‍.

മാര്‍ച്ച് അവസാനത്തില്‍ തിയേറ്ററുകളിലെത്തിയ ആട് 3 ഈ വര്‍ഷം മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായി മാറിയപ്പോള്‍ ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ വാഴ 2 ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ്. പുതുമുഖ താരങ്ങള്‍ അണിനിരന്ന ചിത്രം ഇന്‍ഡസ്ട്രി ഹിറ്റിലേക്കാണ് കുതിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ഇതിനോടകം 200 കോടിയിലേറെ വാഴ 2 നേടിക്കഴിഞ്ഞു.

ആട് 3, വാഴ 2, മോഹിനിയാട്ടം Photo: Theatrical poster

വാഴ 2ന് പിന്നാലെ തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടത്തിന്റെ സീക്വലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വാഴയുടെ കുതിപ്പിനിടയിലും മോഹിനിയാട്ടം ശ്രദ്ധിക്കപ്പെടുകയാണ്. മൂന്ന് സീക്വലുകള്‍ ബ്ലോക്ക്ബസ്റ്ററായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലരും പ്രേമലു 2നെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടത്തുന്നത്.

മലയാളത്തില്‍ ഈയടുത്ത് വന്നതില്‍ വെച്ച് ഏറ്റവും മികച്ച റോം കോമുകളിലൊന്നാണ് പ്രേമലു. ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടിയ ചിത്രത്തിന്റെ സീക്വല്‍ അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്‌തെങ്കിലും അടുത്തിടെ ചിത്രം ഡ്രോപ്പ് ചെയ്‌തെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ ഇത് വലിയ നഷ്ടമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഡ്രോപ്പ് ചെയ്യാതെ സിനിമ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ബോക്‌സ് ഓഫീസില്‍ മിനിമം 200 കോടിയെങ്കിലും നേടിയേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രേമലുവിന് കേരളത്തിന് പുറത്തുള്ള ഫാന്‍ ബേസും സീക്വലിന്റെ വിജയത്തിന് വലിയ പങ്കുവഹിച്ചേനെയെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ചിത്രം ഡ്രോപ്പായതിനെ അനുകൂലിക്കുന്നവരുമുണ്ട്.

വമ്പന്‍ ഫാന്‍ ബേസുള്ള ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കമ്പോള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമില്ലാതെ സീക്വല്‍ ഒരുക്കി ആദ്യഭാഗത്തിന്റെ വില കളയുന്നത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ദിലീഷ് പോത്തന്‍ കഴിഞ്ഞദിവസമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രേമലു 2ന് പകരമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒരുക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

ആട് 2 മുതല്‍ മോഹിനിയാട്ടം വരെ വന്‍ വിജയം നേടുമ്പോള്‍ പലരുടെയും ശ്രദ്ധ ദൃശ്യം 3യിലേക്കാണ്. മലയാളസിനിമയുടെ പൊട്ടന്‍ഷ്യല്‍ വ്യക്തമാക്കാന്‍ സാധ്യതയുള്ള ചിത്രമാണ് ദൃശ്യം 3. ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം മെയ് 21ലേക്ക് മാറ്റുകയായിരുന്നു.

Content Highlight: Social media shares the opinion about dropping Premalu 2

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ