വില്ലനെ അടിച്ചുപറത്തുന്ന മാസ് ഫൈറ്റല്ല; പത്താം വളവിലെ സുരാജിന്റെ റിയലിസ്റ്റിക് തല്ലിന് കയ്യടി
Entertainment news
വില്ലനെ അടിച്ചുപറത്തുന്ന മാസ് ഫൈറ്റല്ല; പത്താം വളവിലെ സുരാജിന്റെ റിയലിസ്റ്റിക് തല്ലിന് കയ്യടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th May 2022, 1:36 pm

മിമിക്രി താരമായും സ്റ്റാന്‍ഡ്അപ് കൊമേഡിയനായും കലാരംഗത്ത് തിളങ്ങിയ ശേഷം മലയാള സിനിമയില്‍ എത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്.

തന്റെ കരിയറിന്റെ തുടക്കത്തില്‍ രസികന്‍, അച്ചുവിന്റെ അമ്മ, ബസ് കണ്ടക്ടര്‍, രസതന്ത്രം തുടങ്ങിയ സിനിമകളില്‍ വെറുതെ ‘വന്നുപോകുന്ന’ കഥാപാത്രമായി സുരാജ് എത്തിയെങ്കിലും ഒരു നടനെന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാന്‍ പിന്നെയും കുറേ സമയമെടുത്തു.

പിന്നീടങ്ങോട്ട് കോമഡി റോളുകളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്ന സുരാജിനെയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. പലതിലും നായകന്റെ ഒപ്പം നടക്കുന്ന ‘വെറും കൂട്ടുകാരന്‍’ മാത്രമായും സുരാജ് എത്തി.

അതേസമയം, ചട്ടമ്പിനാട് സിനിമയിലെ ദശമൂലം ദാമു പോലുള്ള കഥാപാത്രങ്ങള്‍ സിനിമയേക്കാളധികം ശ്രദ്ധിക്കപ്പെടുകയും കോമഡി കള്‍ട്ടായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ പലതും കോമഡികള്‍ പോലുമല്ല, ആളുകളെ വെറുപ്പിക്കുന്ന വെറും ഫ്‌ളോപ്പ് ചളികളാണ്, എന്നുള്ള തരത്തില്‍ വരെ വിമര്‍ശനങ്ങളുയരുകയും സുരാജ് എന്ന നടന്റെ അഭിനയപാടവത്തെപ്പറ്റി വരെ ആളുകള്‍ സംശയം ഉന്നയിക്കുകയും ചെയ്ത ഒരു ഘട്ടത്തിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താരം ഒരു കരിയര്‍ ഷിഫ്റ്റിങ്ങ് നടത്തിയത്.

പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയെങ്കിലും എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹീറോ ബിജുവാണ് മലയാള സിനിമയില്‍ സുരാജിന് ഒരു ബ്രേക്ക് നല്‍കിയ ചിത്രം.

ആക്ഷന്‍ ഹീറോ ബിജുവില്‍ ഒറ്റ സീനില്‍ മാത്രമേ വന്ന് പോകുന്നുള്ളൂ എങ്കിലും, പവിത്രന്‍ എന്ന ആ കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു.

പിന്നീടങ്ങോട്ട് സീരിയസ് ക്യാരക്ടര്‍ റോളുകളിലും നായക വേഷങ്ങളിലുമാണ് പ്രേക്ഷകര്‍ സുരാജിനെ കണ്ടത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കാണെക്കാണെ എന്നീ സിനിമകളിലൂടെ തീര്‍ത്തും വ്യത്യസ്തങ്ങളായ ഗെറ്റപ്പിലെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു.

എന്നാല്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പത്താം വളവ് എന്ന ചിത്രം സുരാജ് വെഞ്ഞാറമൂടിനെ ഒരു ‘കംപ്ലീറ്റ് ഹീറോ’യാക്കി മാറ്റി എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പ്രതികരിക്കുന്നത്.

കാരണം ഇതുവരെ സീരിയസ് ക്യാരക്ടര്‍ റോളുകളിലും ഇമോഷണല്‍ റോളുകളിലുമൊക്കെ സുരാജിനെ പ്രേക്ഷകര്‍ കണ്ടിരുന്നുവെങ്കിലും ഒരു ‘ഹീറോ’യെപ്പോലെ ഫൈറ്റ് ചെയ്യുന്ന സുരാജിനെ ആരാധകര്‍ക്ക് ഇതുവരെയും കാണാന്‍ സാധിച്ചിരുന്നില്ല. ഒരു പരിധി വരെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ ഫഹദുമായുള്ള അടിപിടി സീനുകളും ശ്രദ്ധ നേടിയിരുന്നെങ്കിലും ഒരു വില്ലന്‍- ഹീറോ അടിപിടി അപ്പോഴും മിസ്സിങ്ങായിരുന്നു.

ആ ഒരു ‘കുറവാണ്’ ഇപ്പോള്‍ പത്താം വളവിലൂടെ നികത്തപ്പെട്ടിരിക്കുന്നത് എന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്.

പത്താം വളവില്‍ നടന്‍ അജ്മല്‍ അമീര്‍ ചെയ്ത വരദന്‍ എന്ന കഥാപാത്രമായും ഇന്ദ്രജിത് അവതരിപ്പിച്ച സേതു അടക്കമുള്ള പൊലീസുകാരുമായുമാണ് സുരാജ് കിടിലന്‍ ഫൈറ്റുകള്‍ ചെയ്യുന്നത്. ഫൈറ്റ് സീനുകള്‍ തിയേറ്ററില്‍ കയ്യടിയും നേടുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി ചിത്രം ജന ഗണ മനയിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിനേക്കാള്‍ കയ്യടി നേടിയതും സുരാജ് തന്നെയായിരുന്നു.

ജന ഗണ മന വിജയകരമായി ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പത്താം വളവും കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയത്.

ജന ഗണ മനയിലും അതിന് മുമ്പ് പൃഥ്വിരാജിനൊപ്പം തന്നെ ചെയ്ത ഡ്രൈവിങ്ങ് ലൈസന്‍സിലും പൊലീസ് ഓഫീസറായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായുമൊക്കെയാണ് സുരാജ് എത്തുന്നതെങ്കിലും രണ്ട് സിനിമകളിലും വലിയ ഫൈറ്റ് സീനുകളൊന്നും താരത്തിന് ചെയ്യാനുണ്ടായിരുന്നില്ല.

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്, അതിഥി രവി എന്നിവരാണ് പത്താം വളവില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

ഒരു ഫാമിലി ത്രില്ലര്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

Content Highlight: Social media says Patham Valavu makes Suraj Vanjaramoodu a complete hero with fight scenes in it