ജയറാമേട്ടന്‍ ഈ സീന്‍ നേരത്തെ വിട്ടതാ... ലിയോ ഇന്റര്‍വെല്‍ സീന്‍ കോപ്പിയെന്ന്, കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
ജയറാമേട്ടന്‍ ഈ സീന്‍ നേരത്തെ വിട്ടതാ... ലിയോ ഇന്റര്‍വെല്‍ സീന്‍ കോപ്പിയെന്ന്, കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th November 2025, 6:15 pm

വിജയ്‌യെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകാരാജ് ഒരുക്കിയ ചിത്രമാണ് ലിയോ. 2023ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ്ക്ക് പുറമെ തൃഷ, മാത്യു തോമസ്, സഞ്ജയ് ദത്ത് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. വന്‍ ഹൈപ്പിലെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ വന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് അനിരുദ്ധ് രവിചന്ദറായിരുന്നു. ലിയോയില്‍ പ്രേക്ഷകരെ ആവേശം കൊള്ളിപ്പിച്ച ഒന്നായിരുന്നു ഇന്റര്‍വെല്‍ സീന്‍. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള രസകരമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ജയറാം നായകനായെത്തിയ മറുപുറം എന്ന സിനിമയുടെ ഒരു സീന്‍ അതുപോലെ കോപ്പിയടിച്ചാണ് ലിയോയുടെ ഇന്റര്‍വെല്‍ സീന്‍ ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കണ്ടെത്തിയത്. ലിയോ ദാസ് യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയുന്ന മൊമെന്റാണ് ലിയോയുടെ ഇന്റര്‍വെല്‍ സീന്‍. അനിരുദ്ധിന്റെ കിടിലന്‍ മ്യൂസിക്ക് കൂടി വരുമ്പോള്‍ തിയേറ്ററില്‍ ആ സീനിന് വലിയ ഇംപാക്ടായിരുന്നു.

ഇപ്പോള്‍ 1990ല്‍ വന്ന മറുപുറം എന്ന മലയാള ചിത്രത്തില്‍ നിന്ന് ലിയോ ഈ സീന്‍ ചൂണ്ടിയതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമയിലെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് കണ്ടെത്തുമ്പോള്‍ അയാളുടെ ഫോട്ടോ വരച്ച് എടുക്കുന്നത് ഇരു ക്ലിപ്പുകളിലും കാണാം. ഡേയ് ലോകി നീ ഇതും ചുരണ്ടിയോ എന്ന അടിക്കുറിപ്പോടെ രണ്ട് സിനിമകളില്‍ നിന്നുള്ള വിഷ്വല്‍ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്.

രഞ്ജിത്തും കലൂര്‍ ഡെന്നീസും ചേര്‍ന്ന് തിരക്കഥയൊരുക്കി വിജി തമ്പി സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മറുപുറം. സിനിമയില്‍ ജയറാം, മുകേഷ്, സുകുമാരന്‍, ഉര്‍വശി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് മോഷണം നടത്തുകയും പിന്നീട് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുമുള്ള ഒരു കഥയാണ് മറുപുറം. അതേസമയം ലിയോയുടെ കഥയുമായി മറുപുറം സിനിമക്ക് യാതൊരു ബന്ധമില്ല.

അതേസമയം കഴിഞ്ഞ ദിവസം ലിയോ ഇറങ്ങി രണ്ടാം വര്‍ഷമാകുന്നത് പ്രമാണിച്ച് സിനിമയുടെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

Content highlight: Social media says Leo movie’s interval is copied from Malayalam movie Marupuram