നിവിന്റെ ഊഴവും കഴിഞ്ഞു, ഇനി ഗിരീഷ് എ.ഡിയുടെ കൈയില്‍ കിട്ടേണ്ടത് മൂപ്പരെയാ... ഡ്രീം കോമ്പോ പങ്കുവെച്ച് സിനിമാപേജുകള്‍
Malayalam Cinema
നിവിന്റെ ഊഴവും കഴിഞ്ഞു, ഇനി ഗിരീഷ് എ.ഡിയുടെ കൈയില്‍ കിട്ടേണ്ടത് മൂപ്പരെയാ... ഡ്രീം കോമ്പോ പങ്കുവെച്ച് സിനിമാപേജുകള്‍
അമര്‍നാഥ് എം.
Tuesday, 1st September 2026, 10:41 pm

വെറും അഞ്ച് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ മിനിമം ഗ്യാരണ്ടിയുള്ള സംവിധായകരുടെ ലിസ്റ്റില്‍ ഇടംപിടിച്ചയാളാണ് ഗിരീഷ് എ.ഡി. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ കരിയറാരംഭിച്ച ഗിരീഷ് ഇപ്പോള്‍ ബാക്ക് ടു ബാക്ക് 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുകയാണ്. ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടിയും കടന്ന് മുന്നേറുകയാണ്. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ബെത്‌ലഹേം മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

പ്രേമലു എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഗിരീഷ് എ.ഡി അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഗിരീഷിനൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും സ്വീകാര്യനായ നിവിന്‍ പോളി കൂടി ചേര്‍ന്നത് സിനിമാപ്രേമികള്‍ക്ക് മികച്ച ട്രീറ്റായി മാറി. നിവിന്‍- ഗിരീഷ് എ.ഡി കോമ്പോയിലെ ഫ്രഷ്‌നസ്സാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.

ബെത്‌ലഹേം ഹിറ്റായതിന് ശേഷം ഗിരീഷ് എ.ഡിയുമായി ഇനി ഏത് നടന്‍ കൈകോര്‍ക്കണമെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ഗംഭീരമായി കോമഡി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗിരീഷിനൊപ്പം ബിജു മേനോന്‍ വരികയാണെങ്കില്‍ മികച്ച സിനിമ ലഭിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കോമഡി സീനുകളില്‍ ബിജു മേനോന്റെ ടൈമിങ്ങും കഴിവും മുന്നേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

വെള്ളിമൂങ്ങ, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ ചിത്രങ്ങളിലെ അനായാസമായിട്ടുള്ള ബിജു മേനോന്റെ പ്രകടനം ഗിരീഷ് എ.ഡിയുമായി കൈകോര്‍ക്കുമ്പോള്‍ ആവര്‍ത്തിക്കാനാകുമെന്നും പലരും അഭിപ്രായപ്പെടുന്നു. സീരിയസ് സീനുകളില്‍ കോമഡി കൊണ്ടുവരാന്‍ ഇരുവര്‍ക്കും നല്ല കഴിവാണെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

നിവിന്‍ പോളി, നസ്‌ലെന്‍, സുരേഷ് കൃഷ്ണ എന്നിവരിലെ ഹ്യൂമര്‍ സൈഡ് എക്‌സ്‌പ്ലോര്‍ ചെയ്ത ഗിരീഷ് എ.ഡിക്ക് ബിജു മേനോനെ നായകനാക്കി വെള്ളിമൂങ്ങ പോലൊരു സിനിമ ചെയ്യാനാകുമെന്നും പോസ്റ്റുകളുണ്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ ബിജു മേനോന് പറ്റിയ കഥാപാത്രമുണ്ടെന്നും സുജാത മനോജ് എന്ന ഐ.ഡി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രിന്ദ അവതരിപ്പിച്ച രേഷ്മയുടെ ഭര്‍ത്താവ് ജിമ്മിയെക്കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ‘കൊറോണക്ക് മുമ്പ് പള്ളിപ്പെരുന്നാളിന് വെള്ളമടിച്ച് മുണ്ട് പറിച്ച തുള്ളിയ ജിമ്മി’ എന്നാണ് ചിത്രത്തില്‍ വിശേഷിപ്പിച്ചത്. ഈയൊരു കഥാപാത്രം ബിജു മേനോന് ടെയ്‌ലര്‍ മേഡായിരിക്കുമെന്നാണ് സുജാതയുടെ പോസ്റ്റില്‍ പറയുന്നത്.

വിവിധ പ്രായത്തിലുള്ള പ്രണയത്തെക്കുറിച്ച് രസകരമായി പറയുന്ന ഗിരീഷ് എ.ഡിക്ക് ബിജു മേനോനുമായുള്ള ചിത്രത്തില്‍ പ്രായമായവരുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Social Media posts saying Girish A D should join hands with Biju Menon

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം