കാമിയോയുടെ വെടി തീര്‍ന്നോ?; ഭ ഭ ബയ്ക്കും ചത്താ പച്ചയ്ക്കും പിന്നാലെ ഓളമുണ്ടാക്കാനാകാതെ പള്ളിച്ചട്ടമ്പിയും
Malayalam Cinema
കാമിയോയുടെ വെടി തീര്‍ന്നോ?; ഭ ഭ ബയ്ക്കും ചത്താ പച്ചയ്ക്കും പിന്നാലെ ഓളമുണ്ടാക്കാനാകാതെ പള്ളിച്ചട്ടമ്പിയും
അശ്വിന്‍ രാജേന്ദ്രന്‍
Monday, 20th April 2026, 1:11 pm

ബിഗ് ബജറ്റിലും വമ്പന്‍ ഹൈപ്പിലുമെത്തുന്ന സിനിമകള്‍ക്ക് ആളെ കയറ്റാനായി സാധാരണയായി അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന തന്ത്രമാണ് കാമിയോ റോളില്‍ ചിത്രത്തിലേക്ക് അതത് ഇന്‍ഡസ്ട്രികളില്‍ നിന്നോ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നോ സൂപ്പര്‍താരങ്ങളെ സര്‍പ്രൈസായി കൊണ്ടുവരിക എന്നത്. ജയിലര്‍ പോലുള്ള വമ്പന്‍ തമിഴ് ചിത്രങ്ങള്‍ ഇത് മനോഹരമായി നടപ്പാക്കിയപ്പോള്‍ മലയാള സിനിമകളും ഇത്തരം പരീക്ഷണങ്ങളില്‍ വിജയിച്ചിട്ടുണ്ട്.

2018ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ വന്നപ്പോള്‍ ചിത്രത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നത് ഇതിന് ഉദാഹരണമാണ്. സൂപ്പര്‍ താരങ്ങളെ കൃത്യ സ്ഥാനത്ത് പ്ലെയ്‌സ് ചെയ്യാന്‍ സംവിധായകനായാല്‍ ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന ഫൈനല്‍ കളക്ഷനില്‍ ഇത് വലിയ മാറ്റം വരുത്തിയേക്കാം.

ഭ ഭ ബ. Photo: X.com

എന്നാല്‍ കാമിയോ റോള്‍, എന്ന സിനിമയില്‍ സ്ഥിരമായി കണ്ടുവരുന്ന രീതി പ്രേക്ഷകര്‍ക്ക് മടുത്ത് തുടങ്ങിയെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിയില്‍ പൃഥ്വിരാജ് കാമിയോ റോളിലെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലുളള ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

സര്‍പ്രൈസായാണ് ചിത്രത്തിലെ പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് പള്ളിച്ചട്ടമ്പിയില്‍ പ്രത്യക്ഷപ്പെടുന്നത്. വില്ലന്‍ പരിവേഷത്തിലെത്തുന്ന താരത്തിന്റെ ചിത്രത്തിലെ ലുക്കും ഫ്രെയ്മുകളും മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആട് ജീവിതത്തിന് ശേഷം വലിയ രീതിയില്‍ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ താരത്തിന്റെ ലുക്കിന് പ്രശംസകള്‍ ലഭിച്ചെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പൃഥ്വിരാജിന്റെ സീക്രട്ട് കാമിയോക്കും പ്രേക്ഷകരെ ഒരു പരിധിയില്‍ കവിഞ്ഞ് തിയേറ്ററുകളിലേക്കെത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ചെത്തിയ ദിലീപ് ചിത്രം ഭ ഭ ബയില്‍ മോഹന്‍ലാലിന്റെ എന്‍ട്രിയും ഇത്തരത്തില്‍ പ്രേക്ഷകരില്‍ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. താരത്തിന്റെ പഴയ ചിത്രങ്ങളുടെ സ്പൂഫ് മാത്രമായി ഒതുങ്ങി പോയ ചിത്രത്തിലെ രംഗങ്ങള്‍ക്ക് വലിയ വിമര്‍ശനമായിരുന്നു ലഭിച്ചിരുന്നത്. സമാന സ്ഥിതിയാണ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചത്താ പച്ചക്കും സംഭവിച്ചത്.

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ . Photo: Kayamkulam Kochunni/ Facebook.com

സര്‍പ്രൈസായി ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്ക് സീനില്‍ കാര്യമായൊന്നും ചെയ്യാനില്ലാതെ പോകുകയായിരുന്നു. താരത്തിന്റെ ചിത്രത്തിലെ ഗെറ്റപ്പും ഡയലോഗ് ഡെലിവെറിയില്‍ ഉപയോഗിച്ച സ്ലാങ്ങും വലിയ രീതിയില്‍ ചിത്രത്തെ മോശമായി ബാധിച്ചിരുന്നു.

Content Highlight:  Social media post goes viral which says cameo roles in latest movies cannot make an Impact on audience

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.