വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ‘നൊബേല്‍ കമ്മിറ്റി തമാശ പറയുകയാണ്’ എന്നായിരിക്കും ട്രംപ് ഇപ്പോള്‍ പ്രതികരിക്കുകയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായതോടെയാണ് ട്രംപിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയരുന്നത്. നൊബേല്‍ കമ്മിറ്റി സെക്കന്റുകള്‍ക്ക് കൊണ്ടല്ലേ ട്രംപിനെ അടിച്ചൊതുക്കിയതെന്നും എക്‌സ് ഉപയോക്താക്കള്‍ പറയുന്നു.
അതേസമയം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ രാഷ്ട്രീയ എതിരാളിയായ മച്ചാഡോയ്ക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്നും അതുകൊണ്ടുതന്നെ 2025 നൊബേല്‍ പുരസ്‌കാരം ട്രംപിന് തിരിച്ചടിയല്ലെന്നും ചിലര്‍ പറയുന്നു. കൂടാതെ നൊബേൽ കമ്മിറ്റിക്ക് ട്രംപ് 200 ശതമാനം തീരുവ ചുമത്തുമെന്നും സോഷ്യൽ മീഡിയ പറയുന്നു.
തനിക്ക് നൊബേല്‍ പുരസ്‌കാരത്തോട് താത്പര്യമില്ലെന്നും എന്നാല്‍ തനിക്ക് ഈ അംഗീകാരം നിഷേധിക്കപ്പെട്ടാല്‍ അത് യു.എസിന് വലിയ നഷ്ടമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഒരു നൊബേലിനല്ല, താന്‍ അവസാനിപ്പിച്ച ഓരോ യുദ്ധത്തിനും പ്രത്യേകം പുരസ്‌കാരം നല്‍കേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ അടക്കം ഉയര്‍ത്തി കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
Content Highlight: Social media mocks Trump after Nobel prize for peace announcement