പുഷ്പ 2വിന്റെ പാന്‍ ഇന്ത്യന്‍ വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ത്രിവിക്രം ശ്രീനിവാസ്, കൊരട്ടാല ശിവ തുടങ്ങിയ തെലുങ്ക് സംവിധായകരുടെ പേരുകള്‍ കേട്ടിരുന്നെങ്കിലും ഒടുവിലത് അറ്റ്‌ലീയിലേക്ക് എത്തുകയായിരുന്നു. തമിഴില്‍ വന്‍ വിജയങ്ങളൊരുക്കിയ അറ്റ്‌ലീ ആദ്യ ബോളിവുഡ് ചിത്രം തന്നെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കി മാറ്റി ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചിരുന്നു.
1000 കോടി ക്ലബ്ബില്‍ ഇടംനേടിയ സംവിധായകനും നടനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. AA22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. 650 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് കേട്ടുകേള്‍വി. സയന്‍സ് ഫിക്ഷന്‍ ഴോണറിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമാകുമിത്.
ഇപ്പോഴിതാ ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് അറ്റ്‌ലീ ഹോളിവുഡ് താരം വില്‍ സ്മിത്തിനെ പരിഗണിക്കുന്നെന്ന പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രണ്ട് ലോകങ്ങളിലായി രണ്ട് കാലങ്ങളില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ശക്തനായ വില്ലനെ ആവശ്യമുള്ളതിനാലാണ് ഹോളിവുഡ് താരത്തെ സമീപിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. സിനിമാ ട്രാക്കിങ് പേജായ പാനി പൂരി അവരുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയാണ് ചര്‍ച്ചയായിരിക്കുന്നത്.
എന്നാല്‍ ഇതിന് പിന്നാലെ പലരും പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമക്കായി 325 മില്യണ്‍ ഡോളര്‍ (2275 കോടി ഇന്ത്യന്‍ രൂപ) പ്രതിഫലമായി വാങ്ങുന്ന നടനാണ് വില്‍ സ്മിതെന്ന് കമന്റുമായി ഒരാള്‍ രംഗത്തെത്തി. സിനിമയുടെ ബജറ്റ് മുഴുവന്‍ കൂട്ടിയാലും വില്‍ സ്മിത്തിന്റെ പ്രതിഫലമായി തികയില്ലെന്നാണ് പറയപ്പെടുന്നത്.
‘വില്‍ സ്മിത്തിനെ മാത്രമാക്കണ്ട, ജോണ്‍ സീന, മൈക്കല്‍ ഷൂമാക്കര്‍ തുടങ്ങി എല്ലാവരെയും ഈ സിനിമക്ക് വേണ്ടി വിളിക്കൂ’ എന്നും കമന്റുകളുണ്ട്. ഇത്രയും പൈസ ചിലവാക്കുന്ന നിര്‍മാതാവ് ആരായാലും അയാളുടെ സ്വത്തെല്ലാം വില്‍ക്കേണ്ടി വരുമെന്നും പരിഹസിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ എന്തിനാണ് ഹോളിവുഡ് വില്ലനെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
നിലവില്‍ മുംബൈയില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടന്നുവരികയാണ്. നാല് നായികമാരാണ് ചിത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, ജാന്‍വി കപൂര്‍ എന്നിവര്‍ക്കൊപ്പം മൃണാല്‍ താക്കൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്ന് കേള്‍ക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം.
Content Highlight: Social Media mocking on the rumor that Will Smith will be the part of AA 22 x A6 movie