'മോഹന്‍ലാല്‍ വരുമെന്ന് പറഞ്ഞിട്ട് പച്ചക്കുളം വാസു വന്നതുപോലെയാകുമോ'; പുതിയ പ്രഖ്യാപനത്തിന് പിന്നാലെ വി. അബ്ദുറഹിമാന് പരിഹാസം
Kerala
'മോഹന്‍ലാല്‍ വരുമെന്ന് പറഞ്ഞിട്ട് പച്ചക്കുളം വാസു വന്നതുപോലെയാകുമോ'; പുതിയ പ്രഖ്യാപനത്തിന് പിന്നാലെ വി. അബ്ദുറഹിമാന് പരിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2025, 7:00 pm

കോഴിക്കോട്: സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. കോഴിക്കോട് നടക്കാനിരിക്കുന്ന ബൈക്ക് റൈസ് ഉദ്ഘാടനം ചെയ്യാന്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ എത്തുമെന്ന മന്ത്രിയുടെ പുതിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇതിഹാസ താരം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരത്തിനെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിയുടെ ഈ വാഗ്ദാനം.

മെസിയും സംഘവും നവംബറില്‍ എത്തുമെന്നായിരുന്നു സ്‌പോണ്‍സര്‍മാരും മന്ത്രിയും പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയ സ്പോണ്‍സര്‍മാര്‍ ഈ വര്‍ഷം മെസി കേരളത്തില്‍ എത്തില്ലെന്ന് അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് വി. അബ്ദുറഹിമാന്‍ സല്‍മാന്‍ ഖാന്‍ കേരളത്തിലെത്തുമെന്ന് പ്രഖാപിച്ചത്. മലപ്പുറം പൂക്കോട്ടൂരില്‍ നടന്ന മഡ് റൈസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര തലത്തില്‍ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ബൈക്ക് റൈസാണ് കോഴിക്കോട് നടക്കാനിരിക്കുന്നതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരത്തിലുള്ള വിവിധ മത്സരങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

സംഭവം ചര്‍ച്ചയായതോടെയാണ് മന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്. കോട്ടയം കുഞ്ഞച്ചനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് പലരുടെയും പ്രതികരണം. മോഹന്‍ലാല്‍ വരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിട്ട് പച്ചക്കുളം വാസു വന്നതുപോലയാകുമോ എന്നാണ് രസകരമായ ഒരു ചോദ്യം.

അവസാനം ദുല്‍ഖര്‍ സല്‍മാനെങ്കിലും വന്നാല്‍ മതിയായിരുന്നുവെന്ന് ചിലര്‍ കുറിച്ചു. സല്‍മാന്‍ ഖാന്‍ വന്നില്ലെങ്കിലും സുലൈമാനെങ്കിലും വരണേയെന്നാണ് ചിലരുടെ പ്രതികരണം. അബ്ദുറഹിമാനെ വാഗ്ദാന മന്ത്രിയായി പ്രഖ്യാപിക്കണമെന്നാണ് ഒരു വിഭാഗം ആളുകൾ ആവശ്യപ്പെടുന്നത്. സ്‌പോണ്‍സര്‍ റിപ്പോര്‍ട്ടര്‍ തന്നെയാണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ കമന്റ് ബോക്‌സില്‍, അഭിനേതാക്കളായ സലിം കുമാര്‍, പപ്പു, പാര്‍വതി തുടങ്ങിയവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മീമുകളും വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

Content Highlight: Social media mocked V. Abdurahiman after new announcement about salman khan