പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രങ്ങളിലൊന്നാണ് മോഹിനിയാട്ടം. തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രത്തിന് ഒ.ടി.ടി റിലീസിന് ശേഷവും അതേ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. എന്നാൽ ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അതോടെ രണ്ടാം ഭാഗം കൂടുതൽ ശ്രദ്ധയോടെയും പ്രേക്ഷക അഭിപ്രായങ്ങൾ ഉൾക്കൊണ്ടുമാണ് അണിയറ പ്രവർത്തകർ ഒരുക്കിയത്.
മോഹിനിയാട്ടം, Photo: IMDb
ആദ്യഭാഗത്തിൽ ഇല്ലാതിരുന്ന സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ബേബി ജീൻ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന് കൂടുതൽ കരുത്തായി.
സിനിമയിലെ ഓരോ കഥാപാത്രവും അതിന്റെ പ്രകടനവുമാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രധാന സംസാര വിഷയം. പ്രത്യേകിച്ച് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജ എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സൈജു കുറുപ്പ് നായകനായെത്തിയ ചിത്രത്തിൽ സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജ ഒരു നെഗറ്റീവ് കഥാപാത്രമാണ്. നാട്ടുകാരെ പറ്റിച്ച് പണം തട്ടിയെടുക്കുന്ന, ആരെയും സഹായിക്കാത്ത, സ്വന്തം കുടുംബത്തിനുപോലും വെറുപ്പുള്ള ഒരാളായാണ് ഗോവിന്ദരാജയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മോഹിനിയാട്ടം, Photo: IMDb
ശശിധരൻ നായരുടെ കുടുംബത്തെ നിരന്തരം ശല്യം ചെയ്യുകയും പണം ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഗോവിന്ദരാജയെ അബദ്ധത്തിൽ കൊലപ്പെടുത്തുന്നതും അതിന് ശേഷമുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രധാന കഥാതന്തു.
സിനിമ ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ഗോവിന്ദരാജയുടെ മരണം സംഭവിക്കുന്നുണ്ട്. എന്നാൽ അതിന് ശേഷവും കഥാപാത്രം പല രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രത്യേകത എന്തെന്നാൽ, മുഴുവൻ സമയവും അനക്കമില്ലാത്ത ഒരു ഡെഡ് ബോഡിയായിട്ടാണ് സുരാജിനെ കാണിക്കുന്നത്. കണ്ണുകൾ തുറന്ന നിലയിൽ ഒരേ ഭാവത്തിൽ കിടക്കുന്ന ആ പ്രകടനം അത്ര എളുപ്പമല്ലെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.
മോഹിനിയാട്ടം, Photo: IMDb
‘അനക്കമില്ലാതെ അങ്ങനെ കിടക്കുന്നത് തന്നെ വലിയ ടാലന്റാണ്, പല സീനുകളിലും ഒരേ പോലെ മുഖഭാവം നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്, സുരാജ് അതി മനോഹരമായി ആ കഥാപാത്രം കൈകാര്യം ചെയ്തു, അനക്കമില്ലെങ്കിലും അങ്ങനെ അഭിനയിക്കാൻ ഭയങ്കര പാടാ എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മൊത്തത്തിൽ മികച്ച പ്രകടനങ്ങളും ഡാർക്ക് ഹ്യൂമറും സസ്പെൻസും ഒത്തുചേർത്ത് പ്രേക്ഷകരെ മുഴുവൻ എന്റർടൈൻ ചെയ്ത ചിത്രമായാണ് മോഹിനിയാട്ടത്തെ പ്രേക്ഷകർ വിലയിരുത്തുന്നത്.
തിയേറ്ററുകളിൽ നേടിയ വിജയത്തിന് പിന്നാലെ ഒ.ടി.ടി റിലീസിലൂടെയും വലിയ സ്വീകാര്യത നേടിക്കൊണ്ട് ഈ വർഷത്തെ ശ്രദ്ധേയമായ മലയാള ചിത്രങ്ങളിലൊന്നായി മോഹിനിയാട്ടം മാറിക്കഴിഞ്ഞു.
Content Highlight: Social media is discussing Suraj’s character in Mohiniyattam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.