21 വയസ് മുതൽ തൊഴിലെടുത്ത് ജീവിക്കുന്നവർ; ലെസ്ബിയന്‍ കപ്പിള്‍സിനെതിരായ ബിഗ് ബോസിലെ അധിക്ഷേപത്തില്‍ സോഷ്യല്‍മീഡിയ
Kerala
21 വയസ് മുതൽ തൊഴിലെടുത്ത് ജീവിക്കുന്നവർ; ലെസ്ബിയന്‍ കപ്പിള്‍സിനെതിരായ ബിഗ് ബോസിലെ അധിക്ഷേപത്തില്‍ സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th September 2025, 4:16 pm

കോഴിക്കോട്: ബിഗ് ബോസ് മത്സരാത്ഥികളായ ആദില-നൂറക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. യുവനടിയായ വേദ് ലക്ഷ്മിയുടെ പരാമര്‍ശത്തിനെതിരെയാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം വിമര്‍ശനം ഉയർത്തുന്നത്.

‘ഇവിടെ സമൂഹത്തില്‍ ഇറങ്ങി ജീവിക്കാന്‍ പോലും ഇവളുമാര്‍ക്കൊന്നും പറ്റത്തില്ല. അതിന് സപ്പോര്‍ട്ട് നിന്നിട്ട്, അവരുടെ സപ്പോര്‍ട്ട് വാങ്ങിച്ച് നില്‍ക്കാന്‍ എനിക്കത്ര ഉളുപ്പില്ലായ്മ ഇല്ല. ജോലി ചെയ്ത് തന്നത്താന്‍ നില്‍ക്കുന്ന രണ്ട് പേരാണെങ്കില്‍ റെസ്‌പെക്ട് ചെയ്‌തേനെ. നിന്റെയൊക്കെ വീട്ടിലോട്ട് പോലും കയറ്റാത്തവളുമാരാണ്,’ എന്നാണ് വേദ് ലക്ഷമി കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പറഞ്ഞത്.

സഹമത്സരാര്‍ത്ഥിയും ഗായകനുമായ അക്ബര്‍ ഖാനുമായുണ്ടായ തര്‍ക്കത്തിനിടെയാണ് വേദ് ലക്ഷ്മി ഈ പരാമര്‍ശം നടത്തിയത്.

അനവസരത്തിലാണ് വേദ് ലക്ഷമി അധിക്ഷേപ പരാമര്‍ശം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എപ്പിസോഡിലും ഇത് വ്യക്തമാണ്. പിന്നീട് നിസഹായതയോടെ നോക്കുന്ന ആദിലയുടെ മുഖവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ലക്ഷ്മി എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തി എന്നതില്‍ വ്യക്തത ഇല്ലാത്തതുകൊണ്ടായിരിക്കണം ബിഗ് ബോസ് ഹൗസിലെ ഒരാള്‍ പോലും വിഷയത്തില്‍ ഇടപെടാതിരുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

സംഭവം നടക്കുമ്പോള്‍ നൂറ മറ്റൊരു മത്സരാര്‍ത്ഥിയുമായി സംസാരിക്കുകയുമായിരുന്നു. ഈ സംഭവത്തിന് മുന്നോടിയായി നടന്ന ‘ചെരിപ്പ് ഫാക്ടറി’ ടാസ്‌ക് ലക്ഷ്മിയെ പ്രകോപിപ്പിച്ചതായും സോഷ്യല്‍ മീഡിയ പറയുന്നു.

LGBTQ വിഭാഗത്തെ എതിര്‍ക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രീതിയിലാണ് പ്രശ്‌നമെന്നും ലക്ഷ്മിയുടെ പരാമര്‍ശം മനുഷ്യത്വവിരുദ്ധമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

21 വയസ് മുതല്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടുകൂടി ജോലി ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടികളാണ് ആദിലയും നൂറയുമെന്നും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. വേദ് ലക്ഷ്മിക്കെതിരെ ബിഗ് ബോസ്, ഏഷ്യാനെറ്റ്, മോഹന്‍ ലാല്‍ എന്നിവര്‍ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

അടുത്തിടെ ആദില-നൂറ പ്രണയവും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മുമ്പ് ഇരുവരെയും തള്ളി പറഞ്ഞവര്‍ തന്നെ ആദിലയുടെയും നൂറയുടെയും പരസ്പരമുള്ള സ്‌നേഹത്തെ കുറിച്ച് വളരെ പോസിറ്റീവായ രീതിയില്‍ പ്രതികരിക്കുകയായിരുന്നു. ഇരുവരുടെയും ഗെയിമിങ് രീതികളും പെരുമാറ്റവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Content Highlight: Social media is criticizing the abusive remarks against Bigg Boss contestants Adila and Noora