'അഭിപ്രായ സ്വാതന്ത്ര്യം സ്വന്തം കാര്യത്തില്‍ മതി, തന്റെ സൃഷ്ടിക്ക് നേരെ വേണ്ട; ആമിയുടെ നെഗറ്റീവ് റിവ്യൂ റിമൂവ് ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച യുവാവിന്റെ അക്കൗണ്ടിന് വിലക്ക്; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
Social Tracker
'അഭിപ്രായ സ്വാതന്ത്ര്യം സ്വന്തം കാര്യത്തില്‍ മതി, തന്റെ സൃഷ്ടിക്ക് നേരെ വേണ്ട; ആമിയുടെ നെഗറ്റീവ് റിവ്യൂ റിമൂവ് ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച യുവാവിന്റെ അക്കൗണ്ടിന് വിലക്ക്; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Sunday, 11th February 2018, 8:08 pm

കോഴിക്കോട്: കമല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി അരങ്ങിലെത്തുന്ന ആമി കഴിഞ്ഞ ദിവസമാണ് തിയ്യറ്ററുകളിലെത്തിയത്. വിവാദങ്ങളും മാധവിക്കുട്ടിയെ ജീവിതം ആദ്യമായി സിനിമയാകുന്നു എന്നതും കാരണം ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം വരവേറ്റത്. ചിത്രത്തിന്റെ ചിത്രീകരണ സമയം മുതല്‍ വിവാദങ്ങളും കൂട്ടായിരുന്നു. ഇപ്പോഴിതാ റിലീസിന് ശേഷവും ചിത്രം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

“ആമി”യുടെ നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി കഴിഞ്ഞ ദിവസം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. നെഗററ്റീവ് റിവ്യൂകള്‍ “റീല്‍ ആന്‍ഡ് റിയല്‍” സിനിമയുടെ ആവശ്യപ്രകാരമാണ് ഫെയ്സ്ബുക്കില്‍നിന്ന് നീക്കം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image may contain: text

കഴിഞ്ഞ ദിവസം ഉച്ചമുതലാണ് നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍മീഡിയയില്‍ നിന്നു നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സംവിധായകന്‍ വിനോദ് മങ്കര തന്റെ ഫെയ്സ്ബുക്കില്‍ ഏഴുതിയ റിവ്യൂവാണ് ആദ്യം റിമൂവ് ചെയ്തത്. തുടര്‍ന്നാണ് കൂടുതല്‍ ഫെയ്സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് റിവ്യൂകള്‍ നീക്കം ചെയ്തതായുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിനെതിരെ പ്രതിക്ഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അസഹിഷ്ണുതയ്‌ക്കെതിരെയും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന കമല്‍ സ്വന്തം സിനിമയെ കുറിച്ചുള്ള അഭിപ്രായത്തെ അസഹിഷ്ണുതയോടെ കാണുന്നു എന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയ യുവാവിന്റെ അക്കൗണ്ട് മൂന്ന് ദിവസത്തേക്ക് ബാന്‍ ചെയ്തതായും പറയപ്പെടുന്നു. ആ സാഹചര്യത്തില്‍ നിരവധി പേരാണ് കമലിനെതിരേയും ചിത്രത്തിനെതിരേയും രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം “ആമി”യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപത്രക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കമല്‍ നേരത്തെ പ്രതികരിച്ചിരുന്നു. ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകനു പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. “റീല്‍ ആന്‍ഡ് റിയല്‍” സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ലെന്നുമായിരുന്നു കമല്‍ നല്‍കിയ വിമര്‍ശനം.