പോസ്റ്ററെങ്കിലും കോപ്പി പേസ്റ്റ് ചെയ്യാതിരിക്കാമായിരുന്നു, ആമിര്‍ ഖാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം റീമേക്കെന്ന് ഉറപ്പിച്ച് സോഷ്യല്‍ മീഡിയ
Indian Cinema
പോസ്റ്ററെങ്കിലും കോപ്പി പേസ്റ്റ് ചെയ്യാതിരിക്കാമായിരുന്നു, ആമിര്‍ ഖാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം റീമേക്കെന്ന് ഉറപ്പിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 16th January 2026, 1:40 pm

മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന ഉദ്ദേശത്തിലാണ് ആമിര്‍ ഖാന്‍ സ്വന്തമായി നിര്‍മാണകമ്പനി ആരംഭിച്ചത്. കഥയുടെ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയുമൊരുക്കാത്ത ആമിര്‍ ഖാന്‍ എന്ന നിര്‍മാതാവ് തന്റെ പുതിയ ചിത്രം കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്തിരുന്നു. മകനായ ജുനൈദ് ഖാനാണ് ചിത്രത്തിലെ നായകന്‍. തെന്നിന്ത്യന്‍ സെന്‍സേഷന്‍ സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.

ഏക് ദിന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ ചിത്രം റീമേക്കാണോയെന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രം സീന്‍ ബൈ സീന്‍ റീമേക്കായിരിക്കുമെന്ന് ടീസര്‍ അടിവരയിട്ടിരിക്കുകയാണ്. വണ്‍ ഡേ എന്ന തായ് ചിത്രം അതേപടി പകര്‍ത്തിവെച്ച റീമേക്കാണ് ഏക് ദിന്‍.

ഏക് ദിന്‍ Photo: Screen grab/ Aamir Khan Talkies

പോസ്റ്ററും പേരും കോപ്പി പേസ്റ്റ് ചെയ്തതിനൊപ്പം നായകന്റെയും നായികയുടെയും ലുക്ക് വരെ അതേപടി പകര്‍ത്തിയിട്ടുണ്ട്. സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ലാല്‍ സിങ് ഛദ്ദ, സിതാരേ സമീന്‍ പര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ അടുത്ത റീമേക്കാണ് ഏക് ദിന്‍.

ലോക്ക്ഡൗണ്‍ കാലത്ത് മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകളുണ്ടാക്കിയ ചിത്രമായിരുന്നു വണ്‍ ഡേ. കണ്ടുശീലിച്ച റൊമാന്റിക് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥപറച്ചിലായിരുന്നു വണ്‍ ഡേയുടേത്. കാണുന്നവരെ ഇമോഷണലി ഹുക്ക് ആക്കാന്‍ ഈ കൊച്ച് ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ എത്രമാത്രം പെര്‍ഫോം ചെയ്യുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രം വന്നുപോകുന്ന കഥയാണ് വണ്‍ ഡേയുടേത്. കമ്പനിയിലെ സഹപ്രവര്‍ത്തകയോടെ നായകനോട് പ്രണയം തോന്നുന്നതും അത് തുറന്നുപറയാനാകാതെ വരുന്ന അവസ്ഥയുമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു.

96, ഇത്തരി നേരം എന്നീ ചിത്രങ്ങളെപ്പോലെ ഒരു ദിവസത്തെ പ്രണയത്തെ മനോഹരമായി അവതരിപ്പിച്ച വണ്‍ ഡേയെ ഇന്ത്യയിലെ ചുറ്റുപാടിലേക്ക് പറിച്ചുനടുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. റീമേക്കാണെങ്കില്‍ കൂടി ഈ വര്‍ഷം ബോളിവുഡ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയായി ഏക് ദിന്‍ മാറിയിരിക്കുകയാണ്.

Content Highlight: Social Media finds that Ek Din movie remake of Thai movie One Day

 

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം