മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്കോ കുഞ്ചാക്കോ ബോബനോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു
Film News
മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്കോ കുഞ്ചാക്കോ ബോബനോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th July 2023, 5:57 pm

സോഷ്യല്‍ മീഡിയയില്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനെ പറ്റിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

റോഷാക്ക്, പുഴു, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് തന്നെ അവാര്‍ഡ് ലഭിക്കുമെന്നാണ് ഏറ്റവുമധികം ആളുകള്‍ അഭിപ്രായപ്പെടുന്നത്.

ന്നാ താന്‍ കേസ് കൊടിലെ കള്ളന്റെ നീതിക്കായുള്ള പോരാട്ടം തന്മയത്വത്തോടെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിക്ക് കടുത്ത വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകളുമുണ്ട്. ഇതിന് പുറമേ പട, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ പ്രകടനവും കുഞ്ചാക്കോ ബോബന് മുതല്‍ക്കൂട്ടാവും. കുഞ്ചാക്കോ ബോബന്‍ തന്നെ മികച്ച നടനുള്ള അവാര്‍ഡ് കൊണ്ടുപോകുമെന്ന് ഉറപ്പിക്കുന്നവരും കുറവല്ല.

ജന ഗണ മനയിലെ പ്രകടനത്തിന് പൃഥ്വിരാജും അവാര്‍ഡ് ചര്‍ച്ചകളില്‍ ഇടം നേടിയിട്ടുണ്ട്. അപ്പന്‍ സിനിമയിലെ പ്രകടനവുമായി അലന്‍സിയറും സണ്ണി വെയ്‌നും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.

ഉടലിലെ പ്രകടനവുമായി ഇന്ദ്രന്‍സും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. പൂക്കാലത്തില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള വൃദ്ധനെ അവതരിപ്പിച്ച വിജയ രാഘവനും അവാര്‍ഡിന് അര്‍ഹരാണെന്നും ചിലര്‍ പറയുന്നുണ്ട്.

നടിമാരുടെ സ്ഥാനത്തേക്ക് റോഷാക്കിലെ സീതയായെത്തിയ ബിന്ദു പണിക്കര്‍ അപ്പനിലെ അമ്മയായ പൗളി വല്‍സണ്‍ എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

Content Highlight: SOCIAL MEDIA DISCUSSION ON MALAYALAM FILM AWARDS