മിമിക്രി കാണിച്ചു നടന്നവരെ പിടിച്ചു ക്യാരക്ടർ റോൾ കൊടുത്തു, സംവിധായകനെ മാസ് കഥാപാത്രമാക്കി; 'നോളൻ സിനിമകളിൽ പോലും ഇത്ര ട്വിസ്റ്റ് ഇല്ല' എന്ന് സോഷ്യൽ മീഡിയ
Malayalam Cinema
മിമിക്രി കാണിച്ചു നടന്നവരെ പിടിച്ചു ക്യാരക്ടർ റോൾ കൊടുത്തു, സംവിധായകനെ മാസ് കഥാപാത്രമാക്കി; 'നോളൻ സിനിമകളിൽ പോലും ഇത്ര ട്വിസ്റ്റ് ഇല്ല' എന്ന് സോഷ്യൽ മീഡിയ
നന്ദന എം.സി
Friday, 10th April 2026, 12:51 pm

മലയാള സിനിമയിൽ ഇതുവരെ കാണാത്ത രീതിയിലുള്ള വിജയമാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2 സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിറും സംഘവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചതും സിനിമയുടെ വലിയ വിജയമായിരുന്നു.

വാഴ 2, Photo: IMDb

ഇപ്പോൾ സിനിമയുടെ വിജയത്തേക്കാൾ കൂടുതൽ ചർച്ചയാകുന്നത് സംവിധായകൻ സവിൻ സയുടെ വ്യത്യസ്തമായ കാസ്റ്റിങ്ങും മേക്കിംഗുമാണ്. പതിവ് രീതികൾക്ക് പൂർണമായും വിപരീതമായി, റീൽസ് ചെയ്യുന്നവരെ നായകരാക്കിയതും നായകനെ കൊണ്ട് ലിറിക്സ് എഴുതിച്ചതുമാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചയായിരിക്കുന്നത്.

മിമിക്രി കലാകാരന്മാർക്ക് ശക്തമായ കഥാപാത്രങ്ങൾ നൽകിയതും ശ്രദ്ധേയമാണ്. മികച്ച ഒരു പ്രൊഡ്യൂസറെ കണ്ടെത്തിയിട്ടും അദ്ദേഹത്തെ പ്രൊഡ്യൂസറായി ഉപയോഗിക്കാതെ നെഗറ്റീവ് കഥാപാത്രത്തിൽ അവതരിപ്പിച്ചതും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വിജയ് ബാബു അവതരിപ്പിച്ച മുജീബ് സാറിനെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർ മറക്കില്ലെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു.

വാഴ 2, Photo: IMDb

സാധാരണ കോമഡി വേഷങ്ങളിൽ മാത്രം കണ്ടിരുന്ന നടന്മാർക്ക് ഗൗരവമുള്ള കഥാപാത്രങ്ങൾ നൽകിയതും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി.
കൂടാതെ, ഒരു സംവിധായകനെ സിനിമയിൽ മാസ് കഥാപാത്രമായി അവതരിപ്പിച്ചതും കോ പ്രൊഡ്യൂസറെ കോമഡി റോളിൽ എത്തിച്ചതും സിനിമയിലെ മറ്റ് ട്വിസ്റ്റുകളായി മാറി

ഇതൊന്നും പോരെന്ന പോലെ, ചിത്രത്തിന്റെ എഴുത്തുകാരനെ കൊണ്ട് തന്നെ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിച്ചതും വലിയ ചർച്ചയ്ക്കിടയാക്കി. ‘നോളൻ സിനിമകളിലും ഇത്ര ട്വിസ്റ്റ് കാണില്ല’ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

കോമഡി രംഗങ്ങളിലൂടെ മാത്രം അറിയപ്പെട്ടിരുന്ന ബിജുക്കുട്ടൻ സിനിമയിൽ മികച്ച കഥാപാത്രം അവതരിപ്പിച്ചതും, സംവിധായകൻ അൽഫോൻസ് പുത്രൻ മാസ് റോളിൽ എത്തിയതും പ്രേക്ഷകർ പ്രത്യേകമായി എടുത്തുകാണിക്കുന്നു.

Content Highlight: Social media discussing the movie Vazha 2

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.