'അല്ലിക്ക് സൈക്കിളിൽ തന്നെ വരേണ്ടതില്ലല്ലോ.., ഒരു ഓട്ടോ വിളിച്ച് വന്നാൽ പോരേ? രസകരമായ കമന്റുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ
Malayalam Cinema
'അല്ലിക്ക് സൈക്കിളിൽ തന്നെ വരേണ്ടതില്ലല്ലോ.., ഒരു ഓട്ടോ വിളിച്ച് വന്നാൽ പോരേ? രസകരമായ കമന്റുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Friday, 27th March 2026, 9:03 am

മലയാളികളുടെ എല്ലാകാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറയുകയാണ്.

ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. സൈക്കോളജിക്കൽ ഹൊറർ ഴോണറിലെ ഈ ചിത്രം പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും സിനിമ പ്രേമികൾക്കിടയിൽ സജീവ ചർച്ചാവിഷയമാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ചെറിയ സീനിനെ ചുറ്റിപ്പറ്റിയുള്ള ‘ഡയറക്ടർ ബ്രില്ല്യൻസും അതിനെ ചുറ്റിപ്പറ്റിയുള്ള കണന്റുകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മണിച്ചിത്രത്താഴ്, Photo: IMDb

സിനിമയിലെ ഒരു രംഗത്തിൽ, ഗംഗയുടെ ഗ്രാമമായ ഏവൂരിലേക്ക് പോകുമ്പോൾ അല്ലിയുടെ സൈക്കിളിൽ പോകാമെന്ന് സണ്ണി പറയുന്നുണ്ട്. ഏകദേശം 70 കിലോമീറ്റർ ദൂരം ഉണ്ടെന്ന് ചന്തു പറഞ്ഞിട്ടും സണ്ണി അതിൽ തന്നെ പോകാൻ നിർബന്ധിക്കുന്നത് ശ്രദ്ധേയമാണ്.

ഇതിനെ കുറിച്ചാണ് ഇപ്പോൾ പുതിയൊരു വ്യാഖ്യാനം വൈറലാകുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ അല്ലി സൈക്കിളിൽ വരുന്നതിലൂടെ, മാടമ്പള്ളി തറവാട്ടിൽ നിന്ന് അവളുടെ വീട് ഏറെ ദൂരെയാണെന്ന് സൂചന നൽകുന്നു.

അതിനാൽ സണ്ണിയും ചന്തുവും അല്ലിയുടെ സൈക്കിളിൽ പോയാൽ, അവർ മടങ്ങിവരുന്നതുവരെ അല്ലിക്ക് മാടമ്പള്ളിയിൽ എത്താനും, ഗംഗയുമായി കണ്ടുമുട്ടാനും, തുടർന്ന് നാഗവല്ലിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ അല്ലി പെടാനുള്ള സാധ്യത കുറയുമെന്നും ചിലർ വിലയിരുത്തുന്നു. സണ്ണിയുടെ ബുദ്ധിയും മുൻകൂട്ടി ആലോചിക്കുന്ന സ്വഭാവവും സംവിധായകൻ സൂക്ഷ്മമായി അവതരിപ്പിച്ചൊരു ഉദാഹരണമാണിതെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാൽ ഇതിനേക്കാൾ രസകരം ഈ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകളാണ്. മലയാളി പ്രേക്ഷകരുടെ വിവിധ തരത്തിലുള്ള ചിന്തകളാണ് അവയിൽ പ്രതിഫലിക്കുന്നത്.

മണിച്ചിത്രത്താഴ്, Photo: IMDb

’70 കിലോമീറ്റർ സൈക്കിളിൽ പോകുന്നത് അത്ര എളുപ്പമാണോ? അതും പിന്നിൽ ഒരാളെ കയറ്റി?’ എന്നതിൽ നിന്ന് തുടങ്ങി, ‘സൈക്കിൾ ഇല്ലെങ്കിലും അല്ലി ലിഫ്റ്റ് എടുത്ത് വന്ന് മാടമ്പള്ളി നിന്ന് ചോറും കഴിച്ച് പോയി’ എന്ന രീതിയിലുള്ള തമാശകൾ വരെ കാണാം.

‘പലവട്ടം പൂക്കാലം’ പാട്ട് ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു അത്. ബൈക്കിൽ പോയാൽ വേഗം കൂടും, അതിനാൽ ആ മെലഡി ഗാനം എടുക്കാൻ പറ്റില്ല. അതുകൊണ്ടാണ് അല്ലിയുടെ സൈക്കിളിൽ പോകുന്നത് എന്ന നിരീക്ഷണവും ചിലർ പങ്കുവെക്കുന്നു.

ഇതിനൊപ്പം, ‘സൈക്കിളിൽ തന്നെ വരേണ്ടതില്ലല്ലോ, ഒരു ഓട്ടോ വിളിച്ച് വന്നാൽ പോരേ?’ എന്ന ചോദ്യവും ഉയരുന്നു. അതിന് മറുപടിയായി, ‘അത് ഒന്നും അല്ല കാര്യം… ടാക്സി വിളിച്ചാൽ പണം കൊടുക്കേണ്ടി വരും ഇതാവുമ്പോ വിഷയം ഇല്ലല്ലോ, വല്ലവന്റെയും സൈക്കിൾ അല്ലേ!’ എന്ന രീതിയിലുള്ള രസകരമായ കമന്റുകളും ശ്രദ്ധ നേടുന്നു.

എന്തായാലും, വർഷങ്ങൾക്കിപ്പുറവും മണിച്ചിത്രത്താഴ് പോലുള്ള സിനിമകളിലെ ഇത്തരം ചെറിയ കാര്യങ്ങൾ പോലും വീണ്ടും വീണ്ടും ചർച്ചയാകുന്നത്, ആ ചിത്രം പ്രേക്ഷകരെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ തെളിവാണെന്നും ആരാധകർ പങ്കുവെക്കുന്നു.

Content Highlight: Social media discussing the movie Manichitrathazhu

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.