ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങളെ പോലും ധൈര്യത്തോടെ സമീപിച്ചുകൊണ്ട് സിനിമാലോകത്തെ ഞെട്ടിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. മാസും ക്ലാസുമായിട്ടുള്ള വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് ഇരുവരും ഇന്നും സജീവമായി നില്‍ക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് മറ്റൊരു കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ്. അടുത്തിടെ യൂട്യൂബ് റിവ്യൂവര്‍ ഉണ്ണി വ്‌ളോഗ്‌സ് പേട്രിയറ്റിനെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം മരിച്ചതുകൊണ്ട് മോഹന്‍ലാലിന്റെ ഫാന്‍സ് ചിത്രത്തിനെതിരെ ബോധപൂര്‍വം അറ്റാക്ക് നടത്തുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

മോഹന്‍ലാലിന്റെ ചില ആരാധകര്‍ക്ക് അദ്ദേഹം എപ്പോഴും രസിപ്പിച്ചാല്‍ മതിയെന്നും അല്ലാത്ത കഥാപാത്രങ്ങളൊന്നും ചെയ്യണ്ട എന്നാണ് നിലപാടെന്നും ഉണ്ണി പറയുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം മരിക്കുന്ന സിനിമകള്‍ അവര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ ഉണ്ണി, പണ്ട് തമിഴ് പ്രേക്ഷകരെ കളിയാക്കാനുപയോഗിച്ച പ്രയോഗത്തെ ഉദാഹരണമാക്കുന്നുണ്ട്.

രജിനികാന്ത് ഏതെങ്കിലും സിനിമയില്‍ മരിച്ചാല്‍ ആരാധകര്‍ സ്‌ക്രീന്‍ കത്തിക്കുമെന്ന് പറയാറുണ്ടെന്നും അതിന്റെ മോഡേണ്‍ വേര്‍ഷനാണ് പേട്രിയറ്റിനെതിരെയുള്ള സൈബര്‍ അറ്റാക്കെന്നും ഉണ്ണി അഭിപ്രായപ്പെട്ടു.

ഉണ്ണിയുടെ വീഡിയോ വൈറലായതോടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ പുതിയൊരു ചര്‍ച്ചക്ക് തുടക്കമിട്ടു. ഇത്തരം ആരാധകരുള്ളതുകൊണ്ട് മോഹന്‍ലാലിന് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാകില്ലെന്നാണ് ഒരുകൂട്ടം മമ്മൂട്ടി ഫാന്‍സ് അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിക്ക് ഏത് തരത്തിലുള്ള സിനിമയും ചെയ്യാനാകുമെന്നും അതിന് ഉദാഹരണമാണ് ഭ്രമയുഗം, കളങ്കാവല്‍ പോലുള്ള സിനിമകളെന്നും ചില പോസ്റ്റുകളുണ്ട്.

ഭ്രമയുഗം, കളങ്കാവല്‍ പോലുള്ള സിനിമകള്‍ ചെയ്യാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്നും അതിന് കാരണക്കാര്‍ അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെയാണെന്നും ചിലര്‍ ആരോപിക്കുന്നു. തന്മാത്ര, ഭ്രമരം പോലുള്ള സിനിമകള്‍ ചെയ്തിരുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ കൊമേഴ്‌സ്യല്‍ സിനിമകള്‍ മാത്രം ചെയ്യുന്നത് ഇത്തരം ആരാധകര്‍ കാരണമാണെന്നും ചില പോസ്റ്റുകളുണ്ട്.

എന്നാല്‍ പേട്രിയറ്റ് എന്ന സിനിമക്ക് നേരെ അറ്റാക്ക് നടക്കുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണെന്ന് മറുവാദവുമുണ്ട്. പേട്രിയറ്റില്‍ അല്പമെങ്കിലും കൊള്ളാവുന്ന കഥാപാത്രം മോഹന്‍ലാലിന്റേതെന്നും ആ കഥാപാത്രത്തെ ഇല്ലാതാക്കിയ രീതി ഒട്ടും വര്‍ക്കായില്ലെന്നാണ് ചിലരുടെ മറുപടി. മഹേഷ് നാരായണന്‍ എന്ന സംവിധായകന് പിഴച്ചെന്നും കമന്റുകളുണ്ട്. സോഷ്യല്‍ മീഡിയയിലെ ഈ പുതിയ യുദ്ധം എത്ര ദൂരം പോകുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Social media debate on Mammootty and Mohanlal’s script selection

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ