ഇതൊരുമാതിരി അണ്‍പ്രൊഫഷണലായിപ്പോയി, എന്‍.ടി.ആര്‍- പ്രശാന്ത് നീല്‍ ചിത്രത്തിന്റെ ടൈറ്റില്‍ ലീക്ക് ചെയ്ത പൃഥ്വിക്ക് വിമര്‍ശനം
Indian Cinema
ഇതൊരുമാതിരി അണ്‍പ്രൊഫഷണലായിപ്പോയി, എന്‍.ടി.ആര്‍- പ്രശാന്ത് നീല്‍ ചിത്രത്തിന്റെ ടൈറ്റില്‍ ലീക്ക് ചെയ്ത പൃഥ്വിക്ക് വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th July 2025, 1:51 pm

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പൃഥ്വിരാജിന്റെ അഭിമുഖങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ യാതൊരു മടിയുമില്ലാതെ പറയുകയും തന്റെ വിഷന്‍ എന്താണെന്ന് വ്യക്തമാക്കുകയും ചെയ്ത പൃഥ്വിരാജ് കരിയറിന്റെ തുടക്കത്തില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. എന്നാല്‍ അതിനെയൊന്നും കാര്യമാക്കാതെ തന്റെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പൃഥ്വിരാജിനെയാണ് കാണാന്‍ സാധിച്ചത്.

ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ മലയാളസിനിമയെ പ്രതിനിധീകരിക്കുന്ന താരങ്ങളിലൊരാളാണ് പൃഥ്വി. പ്രശാന്ത് നീല്‍, എസ്.എസ്. രാജമൗലി തുടങ്ങി വമ്പന്‍ സംവിധായകര്‍ക്കൊപ്പം പൃഥ്വി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.

തന്റെ പുതിയ ചിത്രമായ സര്‍സമീന്റെ പ്രമോഷന്റെ ഭാഗമായി താരം നല്‍കിയ അഭിമുഖത്തില്‍ താന്‍ കൂടെ വര്‍ക്ക് ചെയ്ത സംവിധായകരെക്കുറിച്ച് സംസാരിച്ചിരുന്നു. അക്കൂട്ടത്തില്‍ സംവിധായകന്‍ പ്രശാന്ത് നീലിനെക്കുറിച്ചും താരം സംസാരിച്ചു. പ്രശാന്ത് നീലും ജൂനിയര്‍ എന്‍.ടി.ആറും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അഭിമുഖത്തിനിടെ പൃഥ്വിരാജ് പറഞ്ഞതാണ് വിവാദത്തിന് കാരണം.

‘പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ഡ്രാഗണില്‍ ഞാന്‍ അഭിനയിക്കുന്നില്ല. പക്ഷേ, മലയാളത്തില്‍ നിന്ന് എന്റെ സുഹൃത്തുക്കളായ ടൊവിനോയും ബിജു മേനോനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എനിക്ക് അത് ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്. ഡ്രാഗണിന്റെ റിലീസിന് ശേഷമാകും സലാര്‍ 2വിലേക്ക് ഞങ്ങള്‍ കടക്കുക’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

‘അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിടാത്ത ടൈറ്റില്‍ ആ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പൃഥ്വിരാജ് അഭിമുഖത്തില്‍ ലീക്ക് ചെയ്തത് അണ്‍പ്രൊഫഷണലാണ്’ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘ഇങ്ങനെ മറ്റുള്ളവരുടെ സിനിമയെക്കുറിച്ച് എന്തിനാണ് പറയുന്നത്’ എന്ന് ചോദിക്കുന്നവരുമുണ്ട്.

എന്നാല്‍ പൃഥ്വിരാജിന്റെ ഭാഗത്ത് തെറ്റില്ലെന്നും ഒരുവിഭാഗമാളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്‍.ടി.ആര്‍- നീല്‍ പ്രൊജക്ടിന്റെ പേര് പൃഥ്വിക്ക് മുമ്പ് രാജമൗലി ഒരു പ്രസ് മീറ്റിനിടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അന്ന് പരാതിയില്ലാത്തവര്‍ ഇന്ന് പൃഥ്വിയെ ക്രൂശിക്കുന്നത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. പൃഥ്വിയോടുള്ള വിദ്വേഷം ഇങ്ങനെയെല്ലാം തീര്‍ക്കുകയാണോ എന്നും ചോദിക്കുന്നവരുണ്ട്.

ലൂസിഫറിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് പൃഥ്വിരാജ് പറയാത്ത കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ‘ L3 ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാകും L3യെന്നും അണ്ടര്‍വാട്ടര്‍ സബ്മറൈന്‍ സീക്വന്‍സുകള്‍ ചിത്രത്തില്‍ ഉണ്ടാകും’ എന്ന് പൃഥ്വി പറഞ്ഞതായി പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ പ്രണവിന്റെ സാന്നിധ്യത്തെക്കുറിച്ച് മാത്രമേ പൃഥ്വിരാജ് സംസാരിച്ചിട്ടുള്ളൂ.

Content Highlight: Social media criticizing Prithviraj for leaking the title of Junior NTR Prashanth Neel movie