പത്മരാജന്‍ സംവിധാനം ചെയ്ത് 1983ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ജയറാം. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ താരം തൊണ്ണൂറുകളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായകനടനായി സ്ഥാനം കണ്ടെത്തുകയായിരുന്നു. ജയറാം സമീപകാലത്ത് അന്യഭാഷ ചിത്രങ്ങളിലെയും സജീവ സാന്നിധ്യമാണ്.
തെലുങ്കില്‍ അങ്ങ് വൈകുണ്ഠാപുരത്ത്, കന്നടയില്‍ കാന്താര ചാപ്റ്റര്‍ 2, തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെയെല്ലാം ഭാഗമായ താരം നായകനായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് പരിമള ആന്‍ഡ് കോ. ജയറാമിനൊപ്പം ഉര്‍വശിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയില്‍ തന്റെ മാതൃഭാഷ തമിഴാണ് എന്ന ജയറാം പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അഭിനയിക്കുന്ന ഇന്‍ഡസ്ട്രി മാറുന്നതിനനുസരിച്ച് പറയുന്ന കാര്യങ്ങളിലും മാറ്റം വരുത്തുന്ന താരത്തിന്റെ സ്വഭാവത്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
ഇത്തരത്തില്‍ മറ്റൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ജയറാമിന്റെതായി വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ജോഷി സംവിധാനം ചെയ്ത ട്വന്റി-ട്വന്റി സിനിമയിലുണ്ടായ സംഭവമാണ് തമിഴില്‍ കൊടുത്ത അഭിമുഖത്തില്‍ ഒരു വിധത്തിലും മലയാളത്തില്‍ മറ്റൊരു വിധത്തിലും ജയറാം അവതരിപ്പിച്ചത്. ഇതോടെ താരം പറയുന്നത് കള്ളമാണെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്.
ട്വന്റി-20 ക്ലൈമാക്‌സ് ഷോട്ടില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ജയറാം ഇല്ലാതിരുന്നതിന്റെ കാരണം എന്താണെന്ന ചോദ്യത്തിനാണ് രണ്ട് സ്ഥലങ്ങളില്‍ രണ്ട് രീതിയില്‍ താരം മറുപടി പറഞ്ഞത്.
‘ട്വിന്റി-20 ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ എല്ലാവര്‍ക്കുമൊപ്പം നടന്നു വരുന്ന രംഗത്തില്‍ ഞാനുണ്ടിയിരുന്നില്ല. ചിത്രത്തില്‍ എന്റെ ഫൈറ്റ് സീനുകളെല്ലാം നേരത്തേ കഴിഞ്ഞിരുന്നു. അവര്‍ക്കൊപ്പം നടന്നുപോകുന്ന രംഗം ഷൂട്ട് ചെയ്യണം രണ്ട് ദിവസം കാത്തുനില്‍ക്കണം എന്നാണ് സംവിധായകനായ ജോഷി സാര്‍ എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ അതേ സമയം ദീപാവലിയും വന്നു. ഏതാണ് വലുതെന്ന് ആലോചിച്ചപ്പോള്‍ ദീപാവലിയാണെന്ന് മനസിലായി നേരെ വീട്ടിലേക്ക് വന്നു,’ എന്നാണ് തമിഴില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ശബരിമലയില്‍ പോകാന്‍ ഡേറ്റ് ബുക്ക് ചെയ്തത് കൊണ്ടാണ് സീന്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാതെ പോയതെന്നായിരുന്നു താരം പറഞ്ഞത്. കാത്തുനില്‍ക്കാന്‍ വേണ്ടി സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും ശബരിമലയാണ് തനിക്ക് വലുത് എന്ന് തോന്നിയത് കൊണ്ടാണ് പോയതെന്നും താരം പറഞ്ഞിരുന്നു.
ഏതാണ് ശരിയെന്ന് ജയറാമിന് മാത്രമേ അറിയുള്ളൂവെന്നാണ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. ഓരോ സ്ഥലത്തെത്തുമ്പോള്‍ കാര്യങ്ങള്‍ മാറ്റി പറയുന്നത് താരത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Social media criticizes actor Jayaram’s attitude after giving two reason for same incident at different interviews
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.