കോഴിക്കോട്: ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസംഗം വിവാദമായിരിക്കെ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമാകുന്നു. കുറിപ്പുകള്‍ ഇസ് ലാം വിരുദ്ധമാണെന്നാരോപിച്ചാണ് മുസ്‌ലീം സംഘടനകളും വ്യക്തികളും പത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. മാതൃഭൂമി പത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്.
മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച മുസ്‌ലീങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിലൊന്നാണ് മുസ്‌ലീം സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. മാതൃഭൂമിയുടെ നടപടി മുസ്‌ലീം വിരുദ്ധവും പ്രവാചക നിന്ദയുമാണെന്നും ഇവര്‍ ആരോപിക്കുന്നു.
മാര്‍ച്ച് ഒമ്പതിന് പുറത്തിറങ്ങിയ മാതൃഭൂമിയുടെ നഗരം പേജിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത്.
മാതൃഭൂമിയ്‌ക്കെതിരെ പ്രതിഷേധവുമായി എസ്.എസ്.എഫ് രംഗത്ത് വന്നു. മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ആ പത്രത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന് എസ്.എസ്.എഫ് ആരോപിച്ചു.
“ജസ്റ്റിസ് കമാല്‍ പാഷയുടെ അബദ്ധജടിലമായ പ്രസ്താവനയുടെ ചുവടുപിടിച്ച് പ്രവാചകരെ അവഹേളിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. നൂറ്റാണ്ടിന്റെ പാരമ്പര്യമവകാശപ്പെടുന്ന പത്രം ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷ പോലും മറന്നുപോകുന്നു. മാതൃഭൂമി പത്രത്തിന്റെ പോളിസിയുടെ ഭാഗമാണോ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കണം.” എസ്.എസ്.എഫ് ആവശ്യപ്പെടുന്നു.
മുസ്‌ലീങ്ങള്‍ക്കിടയില്‍ സ്ത്രീകളോട് പുലര്‍ത്തുന്ന മനോഭാവത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഈ കുറിപ്പ് ആരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്ന് മാതൃഭൂമി വ്യക്തമാക്കുന്നില്ല. ഇത് മാതൃഭൂമിയുടെ സൃഷ്ടിയാണെന്നും എസ്.എസ്.എഫ് ആരോപിക്കുന്നു. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് മാതൃഭൂമിക്കെതിരെ പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചിട്ടുണ്ട്.


