അമ്മ നിര്‍മിക്കുന്ന സിനിമയില്‍ ദിലീപും സിദ്ദീഖുമുണ്ടാവുമോ? ട്വന്റി ട്വന്റിയില്‍ ഇവര്‍ മരിച്ചവരല്ലേ?
Kerala News
അമ്മ നിര്‍മിക്കുന്ന സിനിമയില്‍ ദിലീപും സിദ്ദീഖുമുണ്ടാവുമോ? ട്വന്റി ട്വന്റിയില്‍ ഇവര്‍ മരിച്ചവരല്ലേ?
ന്യൂസ് ഡെസ്‌ക്
Tuesday, 13th October 2020, 8:45 am

താരസംഘടനയായ അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റി സിനിമയുടെ രണ്ടാം ഭാഗത്തില്‍ നടി ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബുവിന്റെ മറുപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടി പാര്‍വതി അമ്മയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജി വെക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇടവേള ബാബുവിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്.

അമ്മ നിര്‍മിക്കുന്ന സിനിമയില്‍ ദിലീപും സിദ്ദിഖുമടക്കമുള്ള താരങ്ങള്‍ ഉണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി. വിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി. മരിച്ച് പോയവര്‍ എങ്ങനെയുണ്ടാകാനാണ് എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ സിനിമയില്‍ ഭാവന മരിച്ച് പോയതായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ഇടവേള ബാബു രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ഭാവന മരിച്ചിട്ടില്ലല്ലോ? കോമയിലല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ട്വന്റി ട്വന്റി സിനിമയുടെ അവസാനം ഭാവനയുടെ കഥാപാത്രം കോമയിലാവുകയാണ്. നായകനായ ദിലീപ്, സിനിമയില്‍ പ്രധാന വേഷമവതരിപ്പിച്ച ഇന്ദ്രജിത്, സിദ്ദീഖ്, ഇന്ദ്രജിത്തിന്റെ അനന്തരവന്‍മാരായി അഭിനയിച്ച ഷമ്മി തിലകന്‍ മനോജ് കെ. ജയന്‍ തുടങ്ങിയവരൊക്കെ മരിക്കുന്നുണ്ട്.

‘ഈ മരിച്ച് പോയവരെയൊക്കെ അടുത്ത ട്വന്റി ട്വന്റിയില്‍ എങ്ങാനും കണ്ടാലുണ്ടല്ലോ’, അടുത്ത സിനിമയില്‍ മരിച്ചു പോയ ദിലീപിനെ അഭിനയിപ്പിക്കില്ലെന്ന് കരുതുന്നു തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

 

ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്  അമ്മയില്‍ നിന്ന് രാജി രാജിവെക്കുകയാണ് എന്നറിയിച്ച് പാര്‍വതി ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

താര സംഘടനയായ അമ്മ തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ഇടവേള ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത് എന്നായിരുന്നു പാര്‍വതിയുടെ കുറിപ്പ്.

ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.

നേരത്തെ സംഘടനയില്‍ നിന്ന് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Social media asking that will siddique and Dileep act in next Twenty-20 movie