തൊട്ടതെല്ലാം പൊന്നാക്കിയ സോഫിയ പോള്‍; ആര്‍.ഡി.എക്സും വിജയത്തിലേക്ക്
Entertainment news
തൊട്ടതെല്ലാം പൊന്നാക്കിയ സോഫിയ പോള്‍; ആര്‍.ഡി.എക്സും വിജയത്തിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th August 2023, 10:24 pm

വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച് നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആര്‍.ഡി.എക്സ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്‌സ്
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി കഥപറയുന്ന ചിത്രമാണ്.

മികച്ച അഭിപ്രായമായിരുന്നു ആദ്യ ദിനം സിനിമക്ക് ലഭിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നും, രോമാഞ്ചം തരുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമൊക്കെയാണ് സിനിമ ആദ്യ ദിനം കണ്ടവര്‍ പറഞ്ഞത്.

ഇപ്പോഴിതാ സിനിമ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍. സോഫിയ പോള്‍ നിര്‍മിച്ച എല്ലാ ചിത്രങ്ങളും കണ്ടെന്റ് കൊണ്ടും, ബോക്‌സ്ഓഫീസ് വിജയങ്ങള്‍ കൊണ്ടും മികച്ച് നില്‍ക്കുന്നതാണെന്നാണ് ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ പറയുന്നത്.

2014ലിലാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന ചലചിത്ര നിര്‍മാണ കമ്പനി രൂപീകരിക്കുന്നത്. ആദ്യമായി ഇവര്‍ നിര്‍മിച്ച ചിത്രം അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബാംഗ്ലൂര്‍ ഡെയ്‌സ് ആയിരുന്നു. വമ്പന്‍ ഹിറ്റായ ഈ സിനിമക്ക് ശേഷം 2016ല്‍ ഏറെ നിരൂപക പ്രശംസ നേടിയ ഡോ.ബിജുവിന്റെ കാടുപൂക്കുന്ന നേരവും ഈ നിര്‍മാണ കമ്പനിയില്‍ നിന്ന് പുറത്തുവന്നു. ഇതിന് ശേഷം 2017ല്‍ മോഹന്‍ലാല്‍ നായകനായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും സോഫിയ പോളിന് ഏറെ ലാഭം നേടിക്കൊടുത്തു.

പിന്നീട് ബിജു മേനോനെ നായകനാക്കി പടയോട്ടം എന്ന ചിത്രവും വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിച്ചു. 2021 ല്‍ ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ടോവിനോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. വലിയ തരംഗമായിരുന്നു മിന്നല്‍ മുരളി സൃഷ്ടിച്ചത്.

ഇത്രയും സിനിമകള്‍ക്ക് ശേഷമാണ് ആര്‍.ഡി.എക്സുമായി വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എത്തിയത്. ഈ സിനിമക്കും നിലവില്‍ മികച്ച അഭിപ്രായങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്.

അങ്ങനെ മലയാള സിനിമയിലേക്ക് മികച്ച ചിത്രങ്ങള്‍ സംഭാവന ചെയ്യുന്ന നിര്‍മാതാവായി സോഫിയ പോള്‍ മാറിയിരിക്കുന്നു. ഈ വിജയ യാത്രക്കാണ് ആര്‍.ഡി.എക്സ് റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടികള്‍ ലഭിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്‌സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്.

Content Highlight: Social media appreciates Sophia Paul for consistent hit movies