ചെങ്കോട്ട സ്‌ഫോടനം: വൈറ്റ് കോളര്‍ ടെററിസമെന്ന വാക്ക് അന്യം നിന്ന് പോകുമോ? മൂന്ന് ഡോക്ടര്‍മാരെ വിട്ടയച്ചതിന് പിന്നാലെ ചോദ്യവുമായി സോഷ്യല്‍മീഡിയ
Kerala
ചെങ്കോട്ട സ്‌ഫോടനം: വൈറ്റ് കോളര്‍ ടെററിസമെന്ന വാക്ക് അന്യം നിന്ന് പോകുമോ? മൂന്ന് ഡോക്ടര്‍മാരെ വിട്ടയച്ചതിന് പിന്നാലെ ചോദ്യവുമായി സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2025, 11:09 pm

ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ ദേശീയ മാധ്യമങ്ങളിലടക്കം പുതുതായി പ്രത്യക്ഷപ്പെട്ട വാക്കാണ് വൈറ്റ് കോളര്‍ ടെററിസം.

രണ്ട് ഡോക്ടര്‍മാര്‍ താമസിച്ചിരുന്ന ഫരീദാബാദിലെ വീടുകളില്‍ നിന്നും സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം പിടികൂടിയതും തിങ്കളാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തിനും പിന്നാലെയാണ് വൈറ്റ് കോളര്‍ ടെററിസമെന്ന വാക്ക് വ്യാപകമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്നത് ഡോക്ടറായിരുന്ന ഉമര്‍ മുഹമ്മദാണെന്നും അദ്ദേഹത്തിന്റെ കൂട്ടാളികളും ഡോക്ടര്‍മാരുമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഈ വാക്കിന് പ്രാധാന്യവുമേറി.

സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി ഈ വാക്ക് പ്രചരിപ്പിക്കുകയും എന്താണ് വൈറ്റ് കോളര്‍ തീവ്രവാദം എന്നതിനെ സംബന്ധിച്ച് യൂട്യൂബില്‍ വീഡിയോകളടക്കം പ്രത്യക്ഷപ്പെടുകയും ചെയ്തു.

എന്നാലിപ്പോള്‍ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടര്‍മാരടക്കം നാല് പേരെ വിട്ടയച്ചതോടെ വൈറ്റ് കോളര്‍ തീവ്രവാദം എന്ന വാക്ക് ഉപയോഗിച്ചവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. തുടക്കത്തില്‍ ഈ നാല് പേര്‍ക്കും ഉമര്‍ മുഹമ്മദുമായും അല്‍-ഫലാഹ് സര്‍വകലാശാലയുമായി ബന്ധമുണ്ടെന്നായിരുന്നു എന്‍.ഐ.എ പറഞ്ഞിരുന്നത്.

എന്നാല്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എന്‍.ഐ.എ തന്നെ ഈ വാദം തിരുത്തിയതോടെ ചില മാധ്യമങ്ങളും വെട്ടിലായിരിക്കുകയാണ്. ഇതോടെ പരിഹാസവുമായി സോഷ്യല്‍മീഡിയയിലും ട്രോളുകള്‍ നിറയുകയാണ്.

രാജ്യത്ത് പുതുതായി ഒരു വൈറ്റ് കോളര്‍ തീവ്രവാദികളുടെ വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതീതിയാണ് മാധ്യമങ്ങള്‍ കുറച്ചുദിവസങ്ങളിലായി കൃത്രിമമായി സൃഷ്ടിച്ചതെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ഇനിയും അറസ്റ്റിലാകുന്നവര്‍ ഡോക്ടര്‍മാര്‍ തന്നെ ആകണേ, ഭഗവാനേ, മിനിമം വെള്ള കോളര്‍ എങ്കിലും. ഇല്ലെങ്കില്‍ എന്തോരം അച്ചടി മഷിയും എഫ്.ബി സ്റ്റാറ്റസും വാട്‌സ്ആപ്പ് ഫോര്‍വേഡും വെറുതെ പാഴായി പോകുമെന്ന് സാമൂഹ്യനിരീക്ഷകനായ സജി മാര്‍ക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിന് താഴെയും വൈറ്റ് കോളര്‍ തീവ്രവാദം എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ പരിഹാസം നിറയുകയാണ്.

വൈറ്റ് കോളര്‍ ടെററിസം എന്ന വാക്ക് അന്യം നിന്ന് പോകുമോ എന്നോര്‍ത്തിട്ടാണ് എനിക്ക് സങ്കടം. വൈറ്റ് കോളര്‍ ടെററിസം എന്ന വാക്കിന്റെ ഫൗണ്ടര്‍ ഇന്ന് ഉറങ്ങുമോ ആവോ? എന്നാണ് മുഹമ്മദ് നൗഫല്‍ ഫേസ്ബുക്ക് യൂസര്‍ കമന്റ് ചെയ്തിരിക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പ് ജ്വരം കഴിഞ്ഞല്ലോ എന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് വിമര്‍ശിക്കുന്നത്.

വൈറ്റ് കോളര്‍ എന്ന കഥകളിറക്കി ശ്രദ്ധ തിരിപ്പിച്ച് രാജ്യത്തെ അന്നം തിന്നുന്നവരെ മൊത്തം വിഡ്ഢികളാക്കി. ഇപ്പോള്‍ ബീഹാര്‍ തെരഞ്ഞെടുപ്പും കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്ള ആളുകളേക്കാള്‍ കൂടുതല്‍ കള്ളവോട്ടും ചെയ്ത് ചാണകവിജയവും ഉറപ്പിച്ചെന്നാണ് അജ്മല്‍ അജു എന്നയാളുടെ വിമര്‍ശിക്കുന്നത്.

അതേസമയം, തുടക്കം മുതല്‍ തണുപ്പന്‍ മട്ടിലാണ് ഭീകരാക്രമണത്തോട് അന്വേഷണ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വും പ്രതികരിച്ചതെന്ന നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ് കാലടി സര്‍വകലാശാലയിലെ അധ്യാപകനായ വി. അബ്ദുള്‍ ലത്തീഫ്.

ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പതിവില്‍നിന്ന് വിപരീതമായി തണുപ്പന്‍ മട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും പ്രകടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണ് ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നില്‍ എന്നു വാര്‍ത്ത വന്നെങ്കിലും നടന്നത് ഭീകരാക്രമണമാണോ എന്ന് ഉറപ്പിച്ചു പറായന്‍ പറ്റില്ല എന്നായി പിന്നീടു വന്ന വാര്‍ത്തകള്‍.

അതേസമയം, ശ്രീനഗറിലെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്വമേറ്റിട്ടും നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് കുലുക്കമില്ല. നവംബര്‍ 10-നും 14-നുമായി കൊല്ലപ്പെട്ടത് 22 പേര്‍. പരിക്കേറ്റത് 52 പേര്‍ക്ക്. പഹല്‍ഗാമിനോട് അടുത്ത മരണസംഖ്യ.

പാക് ഭീകരസംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും നമ്മള്‍ തിരിച്ചടിക്കാത്തത് മോശമല്ലേ? അതെന്താ പഹല്‍ഗാമിലും കശ്മീരിലും കൊല്ലപ്പെട്ടവര്‍ മനുഷ്യരല്ലേ? അവരുടെ പത്‌നിമാരുടെ സിന്ദൂരത്തിന് വിലയില്ലേ?

മാധ്യമവാര്‍ത്തകളനുസരിച്ച് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നമ്മള്‍ അതിമാരക ആയുധങ്ങള്‍ വികസിപ്പിച്ചിട്ടും ഉണ്ട്. സംശയമുണ്ടെങ്കില്‍ കര്‍മ ന്യൂസും ജനം ടിവിയും ഒക്കെ ചെയ്ത വാര്‍ത്തകള്‍ പോയി നോക്കിയാല്‍ മതി.

ശരിക്കും എന്തുകൊണ്ടാവും ഇത്തവണ നമ്മള്‍ പാകിസ്താനെ വെറുതെ വിട്ടത്? നമ്മുടെ നേതൃത്വം ആരെയെങ്കിലും പേടിക്കുന്നുണ്ടോ? എന്ന് അബ്ദുള്‍ ലത്തീഫ് ചോദിക്കുന്നു.

എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ഇനി ഇവരെ തന്നെ പൊട്ടിക്കാന്‍ വിളിക്കാലോ എന്നാണ് ഈ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഭീകരാക്രമണങ്ങളല്ലെ നമ്മളുടെ പ്രതീക്ഷയെന്ന് അജിത് ദാമോദരന്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് കുറിക്കുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ സ്‌ഫോടക വസ്തുക്കള്‍ക്കായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി നടത്തിയ തെരച്ചിലും രണ്ടാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പത്തെ ദിവസം നടന്ന ചെങ്കോട്ടയിലെ സ്‌ഫോടനവുമെല്ലാം കൂട്ടി വായിച്ച് എന്‍.ഡി.എ ഭരണകൂടത്തിന് നേരെ വിരല്‍ ചൂണ്ടുകയാണ് സോഷ്യല്‍മീഡിയ.

Central government confirms Red Fort attack was a terrorist attack

ചെങ്കോട്ടയ്ക്ക് സമീപം ലാല്‍ ഖില മെട്രോ സ്‌റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തെ സിഗ്നലില്‍ വെച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹ്യൂണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനമുണ്ടായത്.

ഉമര്‍ മുഹമ്മദ് എന്ന കാശ്മീര്‍ സ്വദേശിയാണ് കാര്‍ ഓടിച്ചതെന്ന് പിന്നീട് ഡി.എന്‍.എ ടെസ്റ്റിലൂടെ തെളിയിച്ചിരുന്നു.

Content Highlight: Red Fort blast: Will the term white-collar terrorism go away? Social media raises questions after the release of three doctors