കൊച്ചി: ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് മകനെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ അനുപമ എം. ആചാരി സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനലിലെ അവതാരകയും വിദ്വേഷ പ്രചാരണം നടത്തുന്നയാളുമെന്ന് വിമര്‍ശനം.
കൊച്ചിയില്‍ പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിക്ക് നേരെ ക്രൂരമായ ആക്രമണം നടത്തിയ കേസിലാണ് അനുപമയും ആണ്‍സുഹൃത്തും ഇന്ന് (ശനിയാഴ്ച) പൊലീസ് പിടിയിലായത്. സോഷ്യല്‍മീഡിയയിലടക്കം പ്രശസ്തയായ അനുപമയുടെ അറസ്റ്റ് വലിയ ചര്‍ച്ചയാവുകയാണ്. സ്ത്രീ പക്ഷമായ എഴുത്തുകളിലൂടെയും കവിതാ സമാഹാരത്തിലൂടെയും പ്രശസ്തയാണ്.
സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനലായ എ.ബി.സി മലയാളം ന്യൂസിലെ അവതാരകയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയുമായ അനുപമ സംവരണ വിരുദ്ധമായ നിലപാടുകള്‍ കൊണ്ടും വിമര്‍ശനമേറ്റിരുന്നു.
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ അനുപമ മകനോടുള്ള സ്‌നേഹം പ്രകടമാക്കുന്ന നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിലടക്കം പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റുകളും വിമര്‍ശന വിധേയമാവുകയാണ്.
അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ‘നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിങ്ങളെ അടിച്ചോടിച്ച് ഹിന്ദുക്കള്‍ പുണ്യ ഭൂമി തിരിച്ചുപിടിച്ചു’ എന്നാണ് ഇവര്‍ പോസ്റ്റ് ചെയ്തതെന്നും, എന്നാല്‍ വിമര്‍ശനം ശക്തമായപ്പോള്‍ എഡിറ്റ് ചെയ്ത് വൃത്തികെട്ടവന്മാരെ അടിച്ചോടിച്ച് എന്ന് തിരുത്തിയിരുന്നതായും സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു.
നര്‍ത്തകിയായ മന്‍സിയയെ മതത്തിന്റെയും അവരുടെ ആദര്‍ശങ്ങളുടെയും പേരില്‍ ക്ഷേത്രങ്ങളില്‍ നൃത്തം ചെയ്യുന്നത് വിലക്കിയപ്പോള്‍ അതിനെ ന്യായീകരിച്ച് കുറിപ്പ് പങ്കിട്ടതും സോഷ്യല്‍മീഡിയ ഓര്‍മിപ്പിക്കുന്നു. നിള നമ്പ്യാര്‍ വിവാദത്തിലടക്കം വിദ്വേഷമായ പോസ്റ്റുകള്‍ ഇവര്‍ പങ്കുവെച്ചിരുന്നു. ഹിന്ദുമതമാണ് ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്ന മതമെന്ന് അനുപമ കുറിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
വിവാഹമോചിതയായ അനുപമ പന്ത്രണ്ട് വയസുകാരനായ മകനൊപ്പം കൊച്ചിയില്‍ താമസിച്ചുവരികയായിരുന്നു. ഒരു ആഴ്ച മുമ്പ് ഇവര്‍ക്കൊപ്പം അനുപമയുടെ ആണ്‍സുഹൃത്തും താമസിക്കാനെത്തിയിരുന്നു. ഇക്കാര്യം എതിര്‍ത്ത പന്ത്രണ്ട് വയസുകാരനെ ക്രൂരമായി ആണ്‍സുഹൃത്തും അനുപമയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ എളമക്കര പൊലീസാണ് കേസെടുത്തത്.
മാതാപിതാക്കള്‍ വിവാഹമോചിതരായതോടെ ഇരുവര്‍ക്കൊപ്പവും മാറി മാറി താമസിച്ചുവരികയായിരുന്നു കുട്ടിയെന്ന് പൊലീസ് അറിയിച്ചു. അമ്മയായ അനുപമയ്‌ക്കൊപ്പം ഈയടുത്തായി താമസിക്കാനെത്തിയപ്പോഴാണ് കുട്ടിക്ക് ക്രൂരമായ ഉപദ്രവമേറ്റത്.