കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും നടന്‍ ദിലീപ് അനുകൂല വിധി സമ്പാദിച്ചതില്‍ പ്രതികരണവുമായി സാമൂഹ്യപ്രവര്‍ത്തക കെ. അജിത. ഈ വിധി നീതി നിഷേധമാണെന്നും മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അജിത പറഞ്ഞു.
ദിലീപ് ജയിലില്‍ കിടന്നതുതന്നെ വലിയ കാര്യം. മേല്‍ക്കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും അജിത കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രോസിക്യൂഷന്റെ ഇടപെടലുകള്‍ ശക്തമായിരുന്നുവെന്നും പൊലീസ് അന്വേഷണം തൃപ്തികരമായിരുന്നുവെന്നും അജിത പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ഒന്നുമുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. തോമസാണ് വിധി പുറപ്പെടുവിച്ചത്.
എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിടുകയായിരുന്നു. പള്‍സര്‍ സുനിയും ദിലീപും അടക്കം പത്ത് പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.
മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ജി. ശരത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഇവരില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ് എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന, അന്യായതടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രേരണാക്കുറ്റം, ഐ.ടി നിയമപ്രകാരം സ്വകാര്യ ചിത്രമോ-ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍, പൊതു ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.
എന്നാല്‍ ഏഴ് മുതല്‍ 10 വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് വിധിയില്‍ പറയുന്നത്.