സച്ചിന് പതിറ്റാണ്ട് മുമ്പേ ഇരുന്നൂറടിച്ചവളെ വെട്ടി ഒന്നാമത്; മന്ഥാന മാജിക്കില്‍ വീണ് ഓസീസ് ലെജന്‍ഡ്
ICC Women's World Cup
സച്ചിന് പതിറ്റാണ്ട് മുമ്പേ ഇരുന്നൂറടിച്ചവളെ വെട്ടി ഒന്നാമത്; മന്ഥാന മാജിക്കില്‍ വീണ് ഓസീസ് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th October 2025, 7:57 am

 

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ബെലിന്‍ഡ ക്ലാര്‍ക്കിനെ മറികടന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാന. ഐ.സി.സി വനിതാ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് മന്ഥാന ഈ നേട്ടത്തിലെത്തിയത്.

2025ല്‍ ഇതിനോടകം തന്നെ 982ണ്‍സ് മന്ഥാന സ്വന്തമാക്കിക്കഴിഞ്ഞു. പ്രോട്ടിയാസിനെതിരെ 23 റണ്‍സാണ് നേടിയതെങ്കിലും ബെലിന്‍ഡ ക്ലാര്‍ക്കിനെ മറികടക്കാന്‍ ഇത് ധാരാളമായിരുന്നു.

പ്രോട്ടിയാസിനെതിരെ കളത്തിലിറങ്ങും മുമ്പ് 959 റണ്‍സായിരുന്നു മന്ഥാനയുടെ പേരിലുണ്ടായിരുന്നത്. 11 റണ്‍സ് നേടിയാല്‍ ഈ റെക്കോഡില്‍ ബെലിന്‍ഡയ്‌ക്കൊപ്പമെത്താന്‍ മന്ഥാനയ്ക്ക് സാധിക്കുമെന്നിരിക്കെ താരം ഓസീസ് ഇതിഹാസത്തെ മറികടക്കുകയായിരുന്നു.

1997ല്‍ ബെലിന്‍ഡ ക്ലാര്‍ക് സ്വന്തമാക്കിയ 970 റണ്‍സാണ് മൂന്ന് പതിറ്റാണ്ടോളം റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ബെലിന്‍ഡ ക്ലാര്‍ക്കിലൂടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി പിറന്നതും ഇതേ വര്‍ഷം തന്നെയായിരുന്നു.

ബെലിന്‍ഡ ക്ലാര്‍ക്

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സ്മൃതി മന്ഥാന – ഇന്ത്യ – 982* – 2025

ബെലിന്‍ഡ ക്ലാര്‍ക് – ഓസ്‌ട്രേലിയ – 970 – 1997

ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 882 – 2022

ഡെബ്ബി ഹോക്‌ലി – ന്യൂസിലാന്‍ഡ് – 880 – 1997

എമി സാറ്റര്‍ത്‌വൈറ്റ് – ന്യൂസിലാന്‍ഡ് – 853 – 2016

2025ല്‍ 17 ഇന്നിങ്‌സില്‍ നിന്നും 57.76 ശരാശരിയിലാണ് സ്മൃതി മന്ഥാന 982 റണ്‍സ് സ്‌കോര്‍ ചെയ്തത്. നാല് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

സ്മൃതി മന്ഥാന

42 (29), 73 (54), 113 (80), 43 (46), 36 (54), 18 (28), 51 (63), 116 (101), 28 (24), 42 (51), 45 (54), 58 (63), 117 (91), 125 (36), 8 (10), 23 (32), 23 (32) എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ മന്ഥാനയുടെ ഏകദിന പ്രകടനം.

വരും മത്സരങ്ങളില്‍ വെറും 18 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ ഇയറില്‍ 1,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടവും മന്ഥാന സ്വന്തമാക്കും.

വനിതാ ലോകകപ്പില്‍ ഒക്ടോബര്‍ 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വിസാഖിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Smriti Mandhana surpasses Belinda Clarke in most ODI runs in a calendar year