വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) യു.പി. വോറിയേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍.സി.ബി). ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ടീമിന്റെ വിജയം. സയാലി സത്ഘരെയുടെ ബൗളിങ് കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ടീം പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന യു.പി. വോറിയേഴ്‌സിന് 117 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഈ സീസണില്‍ ആര്‍.സി.ബി തങ്ങളുടെ അഞ്ചാം വിജയം സ്വന്തമാക്കി.
സീസണില്‍ ഒരു തോല്‍വി പോലുമറിയാതെയാണ് മുന്‍ ചാമ്പ്യന്മാര്‍ ഈ കുതിപ്പ് തുടരുന്നത്. ഈ വര്‍ഷം ടീമിന് മുന്നില്‍ അഞ്ച് എതിരാളികള്‍ മാറിമാറി വന്നപ്പോള്‍ ഒരിക്കല്‍ പോലും ആര്‍.സി.ബി താരങ്ങള്‍ മുട്ടുമടക്കിയിട്ടില്ല.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബിക്കായി മികച്ച പ്രകടനം നടത്തിയത് ഗൗതമി നായിക്കാണ്. താരം 55 പന്തില്‍ 73 റണ്‍സെടുത്താണ് ടീമിന് കരുത്തായത്. ഒരു സിക്സും ഏഴ് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്.
ആര്‍.സി.ബിക്കായി സയാലി സത്ഘരെ മൂന്ന് വിക്കറ്റും നാദിന്‍ ഡി ക്ലാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. ഒപ്പം, ശ്രേയങ്ക പാട്ടീല്‍, ലൗറന്‍ ബെല്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Content Highlight: Smriti Mandhana’s RCB qualified in to playoffs with the five straight win in WPL