ഓസീസിനെതിരെ ചരിത്ര നേട്ടവുമായി സ്മൃതി മന്ഥാന; മൂന്ന് ഫോര്‍മാറ്റും ഇവള്‍ തൂക്കി!
Cricket
ഓസീസിനെതിരെ ചരിത്ര നേട്ടവുമായി സ്മൃതി മന്ഥാന; മൂന്ന് ഫോര്‍മാറ്റും ഇവള്‍ തൂക്കി!
ശ്രീരാഗ് പാറക്കല്‍
Saturday, 21st February 2026, 4:44 pm

ഇന്ത്യ വുമണ്‍സും ഓസ്‌ട്രേലിയ വുമണ്‍സും തമ്മിലുള്ള ടി-20 പരമ്പരയിലെ അവസാന മത്സരം അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പയില്‍ നിലവില്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും. ഇതോടെ അവസാന മത്സരം ഇരു ടീമിനും ഏറെ നിര്‍ണായകമാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെതിരെ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഇതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സ്മൃതി മന്ഥാനയാണ്. 55 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. 149.09 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്മൃതി ബാറ്റ് ചെയ്തത്.

ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും സ്മൃതിക്ക് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ടി-20 മത്സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരിയെന്ന നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്.

കൗതുകമെന്തെന്നാല്‍ ടി-20യില്‍ മാത്രമല്ല, ടെസ്റ്റിലും ഏകദിനത്തിലും സ്മൃതി തന്നെയാണ് ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടത്തിന്റെ തലപ്പത്തുള്ളത്.

ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഫോര്‍മാറ്റിലെയും മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം

ടെസ്റ്റ് – സ്മൃതി മന്ഥാന – 127

ഏകദിനം – സ്മൃതി മന്ഥാന – 105

ടി-20 – സ്മൃതി മന്ഥാന – 82*

അതേസമയം മത്സരത്തില്‍ സ്മൃതിക്കൊപ്പം മിന്നും പ്രകടനം നടത്തിയത് ജമീമ റോഡ്രിഗസാണ്. 46 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 59 റണ്‍സാണ് ജെമി നേടിയത്. ഇരിവരും 121 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും സ്വന്തമാക്കിയിരുന്നു. റിച്ചാ ഘോഷ് ഏഴ് പന്തില്‍ 18 റണ്‍സും നേടി മികവ് പുലര്‍ത്തി.

അതേസമയം ഓസീസിന് വേണ്ടി അന്നബെല്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റും കിം ഗ്രാത്, ക്യാപ്റ്റന്‍ സോഫി മൊളീനക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 13 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സാണ് നേടിയത്.

Content Highlight: Smriti Mandhana In Great Record Achievement Against Australia

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ